അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഖത്തര്‍ വഴിയൊരുക്കുന്നു

ദോഹ: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കാനും പരസ്പരം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതിനായി ഖത്തര്‍ ഇപ്പോഴും മുന്‍പന്തിയിലുണ്ടെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ. ബ്രസല്‍സില്‍, അഫ്ഗാനിസ്ഥാനിലെ നാറ്റോ ദൗത്യസംഘത്തിന് സൈന്യത്തെ നല്‍കുന്ന രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാന ശ്രമങ്ങള്‍ക്കായി ഖത്തറിന് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്നും നിയമവിരുദ്ധമായ ഉപരോധമേര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ചെയ്തിരുന്നതാണെന്നും ഡോ. അല്‍ അത്വിയ്യ ചൂണ്ടിക്കാട്ടി. 2024 വരെ അഫ്ഗാനില്‍ തുടരുന്ന സുരക്ഷാ സൈന്യത്തിനാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് യോഗം നടന്നത്. ബെല്‍ജിയത്തിലെ ഖത്തര്‍ അംബാസഡറും യൂറോപ്യന്‍ യൂണിയനിലെയും നാറ്റോയിലെയും ഖത്തര്‍ പ്രതിനിധിയുമായ അബ്ദുറഹ്മാന്‍ മൂഹമ്മദ് അല്‍ ഖുലൈഫി, ബെല്‍ജിയത്തിലെ ഖത്തര്‍ ഡിഫന്‍സ് അറ്റാഷേ എന്നിവരും ഖത്തര്‍ സായുധസേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ സംബന്ധിച്ചു.

യോഗത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി എലിസെബത്തെ ട്രെന്റ, അഫ്ഗാന്‍ പ്രതിരോധമന്ത്രി ജനറല്‍ താരിഖ് ഷാ ബഹ്‌റാമി, ഇറാഖ് പ്രതിരോധമന്ത്രി ഇര്‍ഫാന്‍ മഹ്മൂദ് അല്‍ ഹയാലി തുടങ്ങിയവരുമായി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ കൂടിക്കാഴ്ച നടത്തി.

Top