റാസി വാന്‍ഡര്‍ ഡസ്സന്റെ പോരാട്ടം; ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന് അഫ്ഗാന്‍ പട തോറ്റു

ന്ത്യ അതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ ടീമിന് തല ഉയര്‍ത്തി മടങ്ങാം. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അഞ്ച് വിക്കറ്റിന് അഫ്ഗാന്‍ പട തോറ്റു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 244 റണ്‍സില്‍ എല്ലാവരും പുറത്തായി. അസ്മത്തുള്ള ഒമര്‍സൈയുടെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ 47.3 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. റാസി വാന്‍ഡര്‍ ഡസ്സന്റെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് എത്തിച്ചത്.

245 റണ്‍സ് നേടിയ അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ ജയിച്ചേക്കുമെന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. 182 ന് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളും അഫ്ഗാന്‍ എറിഞ്ഞിട്ടെങ്കിലും വാന്‍ഡര്‍ ദസ്സന്‍ ഉറച്ചുനിന്നത് തിരിച്ചടിയായി. 76 റണ്‍സുമായി പുറത്താകാതെ നിന്ന വാന്‍ഡര്‍ ദസ്സനാണ് ആഫ്രിക്കന്‍ കരുത്തുകള്‍ക്ക് തുണയായത്.

245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡിക്കോക്ക് 41 റണ്‍സും ബാവുമ 23 റണ്‍സും നേടി മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര ഒരുഘട്ടത്തില്‍ പതറി. എയ്ഡന്‍ മാര്‍ക്രം 25 റണ്‍സും ക്ലാസന്‍ 10 റണ്‍സും മില്ലര്‍ 24 റണ്‍സും നേടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക 182 ന് 5 എന്ന നിലയില്‍ പതറുകയായിരുന്നു. എന്നാല്‍ വാന്‍ഡര്‍ ദസനൊപ്പം ഫുലുക്വായോ 39 റണ്‍സുമായി ഉറച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു.

ഇതോടെ 9 മത്സരങ്ങളില്‍ നിന്നും 7 ജയവുമായി 14 പോയിന്റോടെ ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് പിന്നിലായി രണ്ടാം സ്ഥാനത്തോടെ സെമിയിലേക്ക് പറന്നു. അഫ്ഗാന്റെ സെമി പ്രതീക്ഷകള്‍ കൂടി അവസാനിച്ചതോടെ ഇനി പാകിസ്ഥാന് മാത്രമാണ് സെമി പ്രതീക്ഷയുള്ളത്. എന്നാല്‍ അവസാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഹിമാലയന്‍ കടമ്പ കടന്നാല്‍ മാത്രമേ ന്യൂസിലന്‍ഡിനെ പിന്നിലാക്കി പാകിസ്ഥാന് സെമിയിലെത്താനാകു.

അതേസമയം നേരത്തെ അസ്മത്തുള്ളയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന്‍ മികച്ച സ്‌കോര്‍ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌സഗാന്‍ അസ്മത്തുള്ള ഒമ്രാസിയുടെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത ഓവറില്‍ 244 റണ്‍സാണ് നേടിയത്. 107 പന്തില്‍ 97 റണ്‍സ് നേടിയ അസ്മത്തുള്ള മാത്രമാണ് പൊരുതിയത്.

ഓപ്പണ്‍മാരായ റഹ്‌മാനുള്ള 25 റണ്‍സിനും ഇബ്രാഹിം 15 റണ്‍സിനും മടങ്ങി. പിന്നാലെയെത്തിയ റഹ്‌മത്ത് ഷാ 26 റണ്‍സും ഹസ്മത്തുള്ള 2 റണ്‍സും ഇക്രാം 12 റണ്‍സിനും മുഹമ്മദ് നബി 2 റണ്‍സിനും മടങ്ങിയതോടെ അഫ്ഗാന്‍ പ്രതിസന്ധിയിലായി. റാഷിദ് ഖാന്‍ 14 റണ്‍സും, നൂര്‍ അഹമ്മദ് 26 റണ്‍സും മുജീബ് റഹ്‌മാന്‍ 8 റണ്‍സും നവീന്‍ ഉള്‍ ഹഖ് 2 റണ്‍സും നേടി പുറത്തായതോടെ അമ്പതാം ഓവറിലെ അവസാനപന്തില്‍ ടീം ഓള്‍ ഔട്ട് ആകുകയായിരുന്നു. 4 വിക്കറ്റ് നേടിയ കോട്ട്‌സെയും 2 വിക്കറ്റ് വീതം നേടി കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയുമാണ് അഫ്ഗാനെ പിടിച്ചുകെട്ടിയത്.

Top