ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചു

ന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം അഫ്ഗാനിസ്ഥാന്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പിന്തുണയുടെ അഭാവം, അഫ്ഗാനിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തത്, ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നു എന്നാണ് പ്രഖ്യാപനം. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെയധികം ആലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു.

അഫ്ഗാന്‍ എംബസിയെ നയിച്ചുവന്നിരുന്നത് അംബാസഡര്‍ ഫരീദ് മമുണ്ഡ്‌സയ് ആണ്. അഷ്റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദിനെ, 2021 ഓഗസ്റ്റില്‍ താലിബാന്‍ സേന അഫ്ഗാനെ പിടിച്ചെടുത്തതിനു ശേഷവും പദവിയില്‍ തുടരുകയായിരുന്നു. ഇതിനിടെ, ഫരീദ് മാമുണ്ഡ്സയ്ക്ക് പകരമായി താലിബാന്‍ പുതിയ തലവനെ നിയമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയിലെ ട്രേഡ് കൗണ്‍സിലറായ ഖാദിര്‍ ഷായമിനെ താലിബാന്‍ തന്നെ ചാര്‍ജ് ഡി അഫയറായി നിയമിച്ചതായി അവകാശപ്പെട്ട് ഏപ്രില്‍ അവസാനത്തോടെ വിദേശകാര്യ മന്ത്രാലയത്തിന് കത്തും അയച്ചിരുന്നു. എന്നാല്‍ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് നിലപാടുമായി എംബസി മുന്നോട്ടുപോവുകയായിരുന്നു.

അവശ്യ ഘട്ടങ്ങളില്‍ അഫ്ഗാന് പിന്തുണ നല്‍കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു അഫ്ഗാന്റെ പ്രധാന ആരോപണം. പിന്തുണ ലഭിക്കാത്തതു കൊണ്ടുതന്നെ എംബസിയുടെ ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്നും അഫ്ഗാന്‍ പറയുന്നു. ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും കാബൂളില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ അഭാവവും കാരണം അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താത്പ്പര്യങ്ങള്‍ നിറവേറ്റുന്നതിന് കഴിയാതെപോയെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. അതുമാത്രമല്ല, അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ എംബസിയിലെ ജീവനക്കാരെയും വിഭവങ്ങളെയും ഗണ്യമായി കുറച്ചെന്നും ഇത് പ്രവര്‍ത്തനം തുടരുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കിയെന്നും എംബസി ചൂണ്ടിക്കാട്ടി.

 

Top