അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു; മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും

ഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തില്‍ 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഇതിനു പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. 12 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. 1,329 വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു.

മരണസംഖ്യ ഇനിയും ഉയരുമെന്ന് ദേശീയ ദുരന്ത അതോറിറ്റി വക്താവ് പ്രതികരിച്ചു. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയില്‍ ഏഴോളം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു.

Top