പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍

കാബൂള്‍: പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്നാണ് തിരുമാനം.

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കുന്നുവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രാഥമിക ഉടമ്പടികള്‍ റദ്ദാക്കുന്നുവെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന ഒരു രാജ്യവുമായി സൗഹൃദ മത്സരത്തിനോ പരസ്പര ബന്ധത്തിനോ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ജൂലൈയിലോ ആഗസ്തിലോ ആയി കാബൂളില്‍ ട്വന്റി-20 മത്സരവും അതിന്റെ തുടര്‍ച്ചയായി പാകിസ്താനില്‍ മത്സരങ്ങളും നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിച്ചിരുന്നു. എന്നാല്‍ കാബൂളില്‍ ജര്‍മന്‍ എംബസിക്ക് സമീപമുണ്ടായ 90 പേരുടെ മരണത്തിനിടയാക്കിയ സ്ഫോനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശക്തമായ തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

പാകിസ്താന്‍ സൈന്യവുമായി ബന്ധമുണ്ടായിരുന്ന താലിബാന്‍ ഗ്രൂപ്പാണ് കാബൂള്‍ ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാനിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

അതിര്‍ത്തിയിലെ ഭീകരവാദം അവസാനിക്കുംവരെ പാകിസ്താനുമായി ഒരു ക്രിക്കറ്റ് ബന്ധവും സാധ്യമല്ലെന്ന് നേരത്തെ ഇന്ത്യന്‍ കായിക മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012-13 ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അവസാനമായി നടന്നത്.

Top