അഫ്ഗാനില്‍ പൊലീസ് ആസ്ഥാനത്ത് താലിബാന്‍ ബോംബ് ആക്രമണം ; 13 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൊലീസ് ആസ്ഥാനത്തിനു നേരെ താലിബാന്‍ ബോംബ് ആക്രമണം. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ കുട്ടികളും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ എട്ട് താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

ബാഗ്ലാന്‍ പ്രവിശ്യയിലെ പുല്‍ ഇ ഖുമരിയില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കവചിത വാഹനം പൊലീസ് ആസ്ഥാനത്തിനു മുന്നിലെ കവാടത്തിലേക്ക് ചാവേര്‍ ഓടിച്ചുകയറ്റിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

സ്‌ഫോടനത്തിനു പിന്നാലെ താലിബാന്‍ ഭീകരര്‍ പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയും പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസും ശക്തമായി തിരിച്ചടിച്ചു.

Top