അഫ്ഗാൻ ഭീഷണി: അതീവ ഗുരുതരം, ജാഗ്രതയോടെ ഇന്ത്യൻ സൈന്യവും

ത്രു രാജ്യങ്ങളായ പാക്കിസ്ഥാനെയും ചൈനയെയും ഒരേ സമയം നേരിടേണ്ട ഇന്ത്യന്‍ സൈന്യത്തിന് പുതിയ ഭീഷണി ഉയരുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്ന്. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിക്കുന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്ത്യയും നേരിടാന്‍ പോകുന്നത്. പാക്കിസ്ഥാന്റെ ബി ടീമായി മാത്രമേ താലിബാനെ നമുക്ക് വിലയിരുത്താന്‍ കഴിയുകയൊള്ളൂ. കാരണം താലിബാന് ആളും ആയുധവും നല്‍കുന്നത് പാക്കിസ്ഥാനാണ്. താലിബാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ട സംഭവം തന്നെ താലിബാന് ഇന്ത്യയോടുള്ള പക വ്യക്തമാക്കുന്നതാണ്. ഈ കൊലപാതകം സംബന്ധമായി ദൃക്‌സാക്ഷിയായ അഫ്ഗാന്‍ സൈനികന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.

അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍ അഹമ്മദ് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഡാനിഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോട് യാതൊരു ആദരവും കാണിക്കാതിരുന്ന താലിബാന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ ദേഹത്ത് വീണ്ടും മുറിവുകളുണ്ടാക്കിയതായാണ് വെളിപ്പെടുത്തല്‍. താലിബാന് ഇന്ത്യക്കാരെ വെറുപ്പാണെന്നും അതുകൊണ്ടാണ് അവര്‍ മൃതദേഹത്തെ വീണ്ടും ഉപദ്രവിച്ചതെന്നും അഫ്ഗാന്‍ കമാന്‍ഡര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സ്പിന്‍ ബോല്‍ഡാക് എന്ന നഗരത്തില്‍ വെച്ചാണ് ഡാനിഷിന്റെ വാഹനത്തെ താലിബാന്‍ ആക്രമിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സൈനികനെയും വെടിവെച്ചിടുകയുണ്ടായി. ഡാനിഷ് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഡാനിഷിന്റെ തലയ്ക്ക് മുകളിലൂടെ അവര്‍ വണ്ടിയോടിച്ച് കയറ്റിയെന്ന വെളിപ്പെടുത്തലും അമ്പരപ്പിക്കുന്നതാണ്.

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ ആണ് താലിബാനെ നിലവില്‍ നിയന്ത്രിക്കുന്നത്. പാക്ക് സൈന്യത്തിന്റെ സഹായവും വലിയ രൂപത്തില്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യക്ക് കൂടുതല്‍ നിക്ഷേപമുള്ള അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചാല്‍ ഇന്ത്യയുടെ ചിറകരിയാം എന്നതാണ് പാക്കിസ്ഥാന്‍ കണക്ക് കൂട്ടുന്നത്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകള്‍ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നല്‍കിയതായ റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ നിര്‍മ്മിത അണക്കെട്ടുകള്‍ക്ക് നേരെ ഉള്ള ആക്രമണവും ശക്തമാണ്.

അഫ്ഗാനിസ്ഥാനിലെ അടിസ്ഥാനസൗകര്യ വികസനത്തിലും നിര്‍മാണമേഖലയിലും ഇന്ത്യയുടെ നിക്ഷേപം 200 കോടി ഡോളറാണ്. ഇതെല്ലാം താലിബാന്‍ പിടിമുറുക്കുന്നതോടെ തരിപ്പണമാകും. മാത്രമല്ല ജമ്മു കാശ്മീരിലെ പാക്ക് താല്‍പ്പര്യം നടപ്പാക്കാന്‍ താലിബാനെ അവിടേക്ക് നിയോഗിക്കാനും പാക്ക് സൈന്യത്തിന് പദ്ധതിയുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തി തന്നെയാണ് ഈ കോവിഡ് മഹാമാരിക്കിടയിലും പാക്കിസ്ഥാനും താലിബാനും മുന്നാട്ട് പോകുന്നത്. അപകടകരമായ ഈ നീക്കം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയാണ്. താലിബാന് അഫ്ഗാനിസ്ഥാന്‍ ഭരണം പിടിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത് ഇപ്പോള്‍ അമേരിക്കയാണ്. സ്വന്തം സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിച്ച് ഓടി ഒളിക്കുന്ന അമേരിക്കയാണ് യഥാര്‍ത്ഥത്തില്‍ ഭീരുക്കള്‍. തീവ്രവാദ ശക്തികളെ ഇല്ലാതാക്കാന്‍ അഫ്ഗാന്‍ മണ്ണില്‍ ലാന്‍ഡ് ചെയ്ത അമേരിക്കന്‍ സൈന്യം ദൗത്യം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. അമേരിക്കയോട് വലിയ അടുപ്പം കാണിച്ച ഇന്ത്യയെ കൂടി പ്രതിസന്ധിയിലാക്കിയാണ് ഈ മടക്കം.

അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു പിന്നാലെ വളരെ വേഗത്തിലാണ് ആ രാജ്യത്ത് താലിബാന്‍ പിടിമുറുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 11നു മുന്‍പ് മുഴുവന്‍ അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കാമെന്നായിരുന്നു നേരത്തെ അമേരിക്ക- താലിബാന്‍ കരാറുണ്ടാക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ വരെ കാത്തുനില്‍ക്കാതെ അമേരിക്കന്‍ സേന സ്ഥലം വിടുകയാണുണ്ടായത്. അമേരിക്കന്‍ സഖ്യസേനയുടെ അഫ്ഗാന്‍ അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാഗ്രാം വ്യോമത്താവളം അവര്‍ ഒഴിഞ്ഞത് അഫ്ഗാന്‍ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെയായിരുന്നു. അമേരിക്കയുടെ ‘കരുതല്‍’ മുഖമൂടിയാണ് ഇതോടെ അഴിഞ്ഞു വീണിരിക്കുന്നത്. 1996-ല്‍ കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ നേടിയ മേധാവിത്വത്തിനു സമാനമാണ് അമേരിക്ക ഒഴിഞ്ഞ അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ താലിബാന്റെ മുന്നേറ്റം.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കു പിന്നാലെ സഞ്ചരിച്ചതാണ് മേഖലയില്‍ ഇന്ത്യയുടെ അവസരങ്ങള്‍ പരിമിതമാകാന്‍ പ്രധാന കാരണം. മേഖലയിലെ തന്ത്രപ്രധാന ശക്തിയായ ഇറാനെ പോലും ഇന്ത്യക്ക് പിണക്കേണ്ടി വന്നത് ഈ അമേരിക്കക്ക് വേണ്ടിയായിരുന്നു എന്നതും നാം ഓര്‍ക്കണം. നരേന്ദ്ര മോദി സര്‍ക്കാറിന്റെ തെറ്റായ ഒരു നിലപാടായിരുന്നു അത്. പാക്കിസ്ഥാനുമായി ശത്രുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ സൗഹൃദം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകം തന്നെയാണ്. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും പാക്കിസ്ഥാനെ പിന്തുണച്ച ചരിത്രമാണ് അമേരിക്കക്കുള്ളത്. ബംഗ്ലാദേശ് രൂപീകരണത്തിന് ഇടയാക്കിയ യുദ്ധത്തിലും അമേരിക്ക ആയിരുന്നു പാക്കിസ്ഥാന്റെ പ്രധാന സഹായി. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയന്‍ ഒപ്പമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഈ ഭീഷണിയെ ഇന്ത്യക്ക് അതിജീവിക്കാന്‍ കഴിഞ്ഞിരുന്നത്.

അന്ന് പാക്ക് സൈന്യത്തെ സഹായിക്കാന്‍ എത്തിയ അമേരിക്കന്‍ കപ്പല്‍ പടയെ തുരത്തിയത് സോവിയറ്റ് യൂണിയന്റെ ചെമ്പടയായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ പ്രേമത്താല്‍ സാക്ഷാല്‍ റഷ്യയെ പോലും പിണക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് ശരിയായ നിലപാടാണാ എന്നത് രാജ്യം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. റഷ്യ അന്നും ഇന്നും ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമായ സുഹൃത്തു തന്നെയാണ്. ഈ ബന്ധമാണ് കൂടുതല്‍ ശക്തമായി തുടരേണ്ടത്. ഏത് ഭീഷണിയെ അതിജീവിക്കാനും ആ കരുത്ത് നമുക്ക് ധാരാളമാണ്. താലിബാന്‍ ഭീകരരെ മുന്‍നിര്‍ത്തി ജമ്മുകശ്മീര്‍ പിടിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ അതിന് ചുട്ട മറുപടി നല്‍കാന്‍ ഇന്ന് ഇന്ത്യക്ക് ശേഷിയുണ്ട്. റഷ്യന്‍ സൗഹൃദം ഇന്ത്യക്ക് ഉള്ളടത്തോളം കാലം ചൈനക്കും ഇന്ത്യയെ തൊടാന്‍ കഴിയുകയില്ല.

അമേരിക്കയുമായി ഇന്ത്യ കൂടുതല്‍ അടുത്തപ്പോള്‍ മാത്രമാണ് റഷ്യ- ചൈന വ്യാപാര ബന്ധം ശക്തമായിരിക്കുന്നത്. എങ്കിലും ഇന്ത്യയെ വിട്ടൊരു കളിക്ക് റഷ്യ തയ്യാറാവാന്‍ സാധ്യത കുറവാണ്. അനവധി വര്‍ഷങ്ങളായി തുടരുന്ന ബന്ധമാണത്. അതേസമയം, പാക്കിസ്ഥാനെ മുന്‍ നിര്‍ത്തി കളിക്കുന്ന ചൈനക്കും താലിബാന്‍ ഭാവിയില്‍ വലിയ ഭീഷണിയാകും. എന്തിനേറെ പാക്ക് ഭരണം പോലും ഈ പോക്കു പോയാല്‍ താലിബാന്‍ പിടിക്കുന്ന കാലം വിദൂരമല്ല. ആണവ ശക്തിയായ ഒരു രാജ്യത്തിന്റെ ഭരണം തീവ്രവാദികള്‍ക്ക് ലഭിക്കുക എന്നത് ലോകത്തിനു തന്നെ ഭീഷണിയാണ്. പതിയിരിക്കുന്ന ഈ അപകടം മറ്റേത് രാജ്യം തിരിച്ചറിഞ്ഞിട്ടില്ലങ്കിലും ഇന്ത്യ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ അതീവ ജാഗ്രതയോടെ ഇന്ത്യ വീക്ഷിക്കുന്നത്.

ജമ്മു കശ്മീരിലും ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റഫാല്‍ അടക്കമുള്ള ആധുനിക യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് പാക്ക് അധിനിവേശ കശ്മീരില്‍ മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ശേഷിയും ഇന്ന് ഇന്ത്യക്കുണ്ട്. അത്തരം ഒരു കടുത്ത നിലപാട് തല്‍ക്കാലം സ്വീകരിച്ചിട്ടില്ലങ്കിലും എത് സാഹചര്യവും നേരിടാന്‍ തയ്യാറായി തന്നെയാണ് ഇന്ത്യന്‍ സൈന്യവും നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

Top