ചരിത്രം രചിച്ച് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി അഫ്ഗാന്‍ ടീം

india

ബെംഗളൂരു: ചരിത്രപരമായ ഒരു സംഭവത്തിനാണ് വ്യാഴാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയാവുന്നത്. ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുമായുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുത്തു. ട്വന്റി20യും ഏകദിനവും ഏറെക്കുറെ പയറ്റിത്തെളിഞ്ഞ റാഷിദ് ഖാനും സംഘത്തിനും ടെസ്റ്റ് വഴങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

മത്സരത്തിനു മുമ്പെ അഫ്ഗാന്‍ കോച്ച് ഫില്‍ സിമ്മണ്‍സ് താരങ്ങളുടെ പ്രകടനത്തില്‍ വാചാലനായി.”ഞങ്ങള്‍ക്ക് ഇത് തുടക്കമാണ്. രാജ്യത്തെ അരക്ഷിതാവസ്ഥക്കിടയിലും മികച്ച ടീമുമായി അവര്‍ വളരുകയാണ്. കുറഞ്ഞ കാലം കൊണ്ടാണ് ഏകദിനത്തിലും ട്വന്റി20യിലും അഫ്ഗാന്‍ കഴിവുതെളിയിച്ചത്. എന്നാല്‍, അഞ്ചുദിവസം നീളുന്ന ടെസ്റ്റ് തികച്ചും വ്യത്യസ്ഥമാണ്. ബൗളര്‍മാരെക്കൊണ്ട് മാത്രം ടെസ്റ്റില്‍ പിടിച്ചുനില്‍ക്കാനാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും കഴിവുറ്റവരുണ്ടെങ്കിലെ ടെസ്റ്റില്‍ പൊരുതാനാവൂ. ഇതുവരെ കളിച്ചിട്ടില്ലാത്ത ക്രിക്കറ്റിലെ ഫോര്‍മാറ്റുമായി താരങ്ങള്‍ക്ക് പൊരുത്തപ്പെടാനാവുമെന്നാണ് പ്രതീക്ഷ”കോച്ച് പറഞ്ഞു.

സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാനും സഹതാരം മുജീബ് സദ്‌റാനും ഐ.പി.എല്ലില്‍ കളിച്ചത് ടീമിന് ഗുണംചെയ്യുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. ചിന്നാസാമി സ്‌റ്റേഡിയത്തിലെ പരിചയവും ഇരുവര്‍ക്കും മുതല്‍കൂട്ടാവുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്. ബാറ്റിങ്ങില്‍ അസ്ഗര്‍ സ്റ്റനിക്‌സെയ്, മുഹമ്മദ് ഷഹ്‌സാദ്, ജാവേദ് അഹ്മദി എന്നിവരാണ് അഫ്ഗാന്റെ പ്രതീക്ഷ.

ബംഗ്ലാദേശിനെ ട്വന്റി20 പരമ്പരയില്‍ തോല്‍പ്പിച്ചാണ് അഫ്ഗാനിസ്താന്‍ ഇന്ത്യന്‍ ടീമിനെ നേരിടാനെത്തുന്നത്. കന്നി ടെസ്റ്റിന് ഒരുങ്ങുകയാണെങ്കിലും സമീപകാലത്ത് തിളങ്ങിനിന്ന ഒരുപാട് താരങ്ങള്‍ സന്ദര്‍ശക ടീമിനൊപ്പമുണ്ട്. റാഷിദ് ഖാന്‍, മുജീബ് സദ്രാന്‍, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ സന്ദര്‍ശകനിരയിലെ കരുത്തരാണ്. ബാറ്റിങ്ങില്‍ കരുത്തരില്ലെങ്കിലും ബൗളിങ്ങാണ് അഫ്ഗാനിസ്താന്റെ ശക്തി. റാഷിദ്, മുജീബ്, നബി എന്നിവര്‍ക്ക് പുറമെ, സഹീര്‍ ഖാന്‍, ഹംസ കൊത്താക് എന്നിവരാണ് ടീമിലെ സ്പിന്‍ ബൗളര്‍മാര്‍.

മുരളി വിജയിയും ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്നതിനുവേണ്ടി വിരാട് കൊഹ് ലി, ഭുവനേശ്വര്‍ കുമാര്‍, എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ അഫ്ഗാനിസ്താനെ നേരിടുന്നത്. ചേതേശ്വര്‍ പുജാര, ലോകേഷ് രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലുണ്ട്.

Top