കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ ക്യാംപെയിന്‍ ശക്തമാക്കി അഫ്ഗാന്‍ ആരോഗ്യ വകുപ്പ്

കാബൂള്‍ : അഞ്ച് ദിവസത്തെ പ്രതിരോധ വാക്സിന്‍ കാംപയിനുമായി അഫ്ഗാന്‍ ആരോഗ്യ വകുപ്പ്. അഞ്ച് ദിവസം കൊണ്ട് അഞ്ച് വയസ്സില്‍ താഴെയുള്ള ഒന്‍പത് മില്യണ്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് അഫ്ഗാന്‍ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ലോകാരോഗ്യസംഘടനയും യുണിസെഫുമാണ് ക്യാംപെയിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമായ 8.9 മില്ല്യണ്‍ കുട്ടികള്‍ക്ക് വിറ്റാമന്‍ എ ഗുളികള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് മുക്തി നേടാനും ഈ ഗുളികകള്‍ സഹായിക്കും.

ഈ വര്‍ഷം ഒന്‍പത് പോളിയോ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍മാസത്തില്‍ പുതിയ ഒരു കേസുകൂടി സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കിയത്.

ഉള്‍പ്രദേശങ്ങളിലെ 1.2 മില്ല്യനോളം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. എന്നാല്‍, ഈ പ്രതിസന്ധികളെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

Top