വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബൊമ്മ വേണ്ട; ശരീഅത്ത് വിരുദ്ധം, തലവെട്ടി താലിബാന്‍

തുണിക്കടകളില്‍ വെച്ചിരിക്കുന്ന പെണ്‍ബൊമ്മകളുടെ തലവെട്ടാന്‍ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങള്‍ പോലെയാണ് ബൊമ്മകളെന്നും അതുകൊണ്ട് തന്നെ അവ ശരീഅത്തിനു വിരുദ്ധമാണെന്നും താലിബാന്‍ പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബൊമ്മകളുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവശ്യയായ ഹെറാത്തിലാണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇവിടെയുളള തുണിക്കട ഉടമകളോട് പെണ്‍ബൊമ്മകളുടെ തലകള്‍ നീക്കം ചെയ്യണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. പെണ്‍ബൊമ്മകളെ നോക്കിനില്‍ക്കുന്നത് ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണ്. അന്യസ്ത്രീകളെ നോക്കരുതെന്നാണ് ഇസ്ലാമിന്റെ കല്പന.

ബൊമ്മകളില്‍ നോക്കുന്നതിലൂടെ ഇത് ലംഘിക്കപ്പെടുകയാണ്. ബൊമ്മകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാലും ആദ്യ ഘട്ടം എന്നോണം ബൊമ്മകളുടെ തല നീക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും താലിബാന്‍ വ്യാപാരികളെ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു. താലിബാന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബിയാണ് കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകള്‍ നടപ്പിലാക്കുമെന്ന് അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ താലിബാന്‍ ഭരണത്തിലേറിയപ്പോള്‍ ഈ ശിക്ഷാരീതികള്‍ ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

Top