താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സുരക്ഷാസേനാ വക്താവ് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ജ്ഷീറില്‍ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ജാമിയത്തേ ഇസ്ലാമി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഫെഡറേഷന്‍ ഓഫ് അഫ്ഗാന്‍ ജേണലിസ്റ്റ്‌സിന്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലില്‍ 700ലധികം താലിബാനികള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികള്‍ തടവിലാണെന്നും അഫ്ഗാന്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നു. കുഴിബോംബുകള്‍ ഉള്ളതുകാരണം പ്രദേശത്തെ താലിബാന്‍ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവര്‍ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുല്‍ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാന്‍ നേതാക്കളില്‍ നിന്നും വെടിയേറ്റതായി വിവരം. പുതിയ താലിബാന്‍ സര്‍ക്കാരിനെ ബരാദര്‍ നയിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

താലിബാന്‍ നേതാക്കള്‍ തമ്മില്‍ ആഭ്യന്തര പ്രശ്നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തര്‍ക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തര്‍ക്കത്തിനിടയിലാണ് താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോര്‍ട്ട്. താലിബാനില്‍ ഒരു വിഭാഗം ആളുകള്‍ ഒരു സമ്പൂര്‍ണ്ണ താലിബാന്‍ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാന്‍ ഭരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനെ എതിര്‍ത്ത ആളായിരുന്നു ബരാദര്‍.

 

Top