അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാന്‍. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെയാണ് പാകിസ്ഥാന്‍ തിരിച്ചയച്ചത്. പാക് നടപടിയില്‍ അതൃപ്തി അറിയിച്ച് താലിബാന്‍ രംഗത്തെത്തി. അഫ്ഗാന്‍ കുടിയേറ്റക്കാരെ പുറത്താക്കി പാകിസ്ഥാന്‍ കാബൂളിനെ അപമാനിച്ചതായി അഫ്ഗാന്‍ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ആരോപിച്ചു.തങ്ങളുടെ ആശങ്കകള്‍ പാകിസ്ഥാന്‍ സൈനിക, വിദേശകാര്യ അധികാരികളോട് ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ നാടുകടത്തല്‍ തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുത്താഖി പറഞ്ഞു.

പാകിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികള്‍ക്ക് ഒക്ടോബറില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് 250,000-ത്തിലധികം അഫ്ഗാനികള്‍ പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അതേസമയം, ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാകിസ്ഥാന്‍ വാദിക്കുന്നു. എന്നാല്‍, നവംബര്‍ ഒന്നിന് ശേഷം അഫ്ഗാനികള്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് താലിബാന്‍ പറയുന്നു. പാകിസ്ഥാന്റെ നടപടിയില്‍ അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ കുടിയേറ്റക്കാരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ട് ചെയ്തു. കാണ്ഡഹാര്‍ പ്രവിശ്യയിലെ അഭയാര്‍ഥി, സ്വദേശിവല്‍ക്കരണ വകുപ്പിന്റെ വിവരം അനുസരിച്ച്, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 31,547 ആളുകളും 4,533 കുടുംബങ്ങളും പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയതായി പറയുന്നു.

കുടിയേറ്റക്കാരെ പാകിസ്ഥാന്‍ നാടുകടത്തുന്നത് അഫ്ഗാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണെന്നും എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അത്തരം സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്‍ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും തിരിച്ചയക്കാനുള്ള പാകിസ്ഥാന്‍ തീരുമാനത്തില്‍ മുത്താഖി ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ അധികാരികളോട് ആശങ്കകള്‍ അറിയിച്ചിട്ടും ചൊവികൊള്ളാത്തത് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top