അഫ്ഗാന്‍ വിഷയം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പഞ്ച്ഷീര്‍ അടക്കം അഫ്ഗാനിസ്താന്റെ മുഴുവന്‍ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാന്റെ വാദത്തിന് പിന്നാലെയാണ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. അഫ്ഗാനിസ്താനില്‍ പാകിസ്താന്റെ ഇടപെടലുകള്‍ യോഗം വിലയിരുത്തി.

അഫ്ഗാനില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന കാര്യവും ചര്‍ച്ചയായി. അഫ്ഗാനിസ്ഥാനിലെ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്‍കിയ വിസകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഇ-വിസയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി.

പാക് ചാര സംഘടനയായ ഐഎസ്‌ഐ അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന പരസ്യ ഇടപെടലും യോഗം വിലയിരുത്തി. അഫ്ഗാനിസ്ഥാനില്‍ എത്തിയ പാക് ചാര സംഘടന ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയിസ് ഹമീദ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കന്‍ പ്രവിശ്യയിലെ സംഘര്‍ഷത്തിലും താലിബാനെ പാകിസ്ഥാന്‍ സഹായിക്കുകയാണ്. താലിബാനും ഹഖ്ഖാനി നെറ്റ് വര്‍ക്കും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഇടപെടലും ഐസ്‌ഐ നടത്തുന്നു എന്നാണ് സൂചന.

Top