അഫ്ഗാന്‍ വിഷയം; ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ. റഷ്യ, ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. നവംബര്‍ രണ്ടാം വാരത്തിലായിരിക്കും യോഗം നടക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗത്തില്‍ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. യോഗത്തിലേക്ക് താലിബാനെ ക്ഷണിക്കാനുള്ള സാധ്യത കുറവാണ്, എന്നാല്‍ പാകിസ്താനെ ക്ഷണിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. അതേസമയം പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊയീദ് യൂസുഫിനുള്ള ക്ഷണക്കത്ത് നീട്ടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 20ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ താലിബാന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മോസ്‌കോയില്‍ വെച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിഎഎസ്എസ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Top