ലോകകപ്പ് ക്രിക്കറ്റ്: നമീബിയയെ തോൽപ്പിച്ച് അഫ്‌ഗാനിസ്ഥാൻ രണ്ടാം സ്ഥാനത്ത്

മീബിയയെ 62 റണ്ണിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ട്വന്റി–20 ക്രിക്കറ്റ് ലോകകപ്പില്‍ മുന്നോട്ട്. മൂന്ന് കളിയില്‍ രണ്ട് ജയവുമായി നാല് പോയിന്റോടെ രണ്ടാംഗ്രൂപ്പില്‍ രണ്ടാമതായി. മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി പാകിസ്ഥാനാണ് ഒന്നാംസ്ഥാനത്ത്.

അഫ്ഗാന്‍ പേസര്‍മാരാണ് അനായാസ ജയമൊരുക്കിയത്. മൂന്ന് ഓവറില്‍ 17 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നവീന്‍ ഉല്‍ ഹഖാണ് കളിയിലെ താരം. ഹമീദ് ഹസന്‍ നാല് ഓവറില്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വിട്ടുകൊടുത്തത് ഒമ്പത് റണ്‍. ഗുല്‍ബദിന്‍ നെയ്ബിന് രണ്ട് വിക്കറ്റുണ്ട്. സ്പിന്നര്‍ റഷീദ് ഖാന്‍ ഒരു വിക്കറ്റെടുത്തു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 5 ന്160, നമീബിയ 9ന് 98.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ അഫ്ഗാന്‍ ധൈര്യം കാണിച്ചു. ഓപ്പണറായ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്സാദ് 45 റണ്ണെടുത്തു. ഹസ്രത്തുള്ള സസായ് (33), അസ്ഗര്‍ അഫ്ഗാന്‍ (31) എന്നിവര്‍ പിന്തുണ നല്‍കി. 17 പന്തില്‍ 31 റണ്ണുമായി ക്യാപ്റ്റന്‍ മുഹമ്മദ് നബി പുറത്താകാതെനിന്നു. നമീബിയക്ക് ഒരിക്കലും വിജയത്തിലേക്ക് ബാറ്റ് വീശാനായില്ല. 26 റണ്ണെടുത്ത ഡേവിഡ് വീസാണ് ടോപ് സ്‌കോറര്‍. നമീബിയയുടെ രണ്ടാംതോല്‍വിയാണിത്.

 

Top