അഫ്ഗാനിൽ നിന്നും അമേരിക്കയുടെ പിന്മാറ്റം; നാറ്റോ സഖ്യസേനകൾക്ക് തിരിച്ചടിയാകും

കാബൂൾ: അഫ്ഗാനിൽ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനം തിരിച്ചടിയാവുക നാറ്റോ സഖ്യസേനകൾക്കെന്ന് മുന്നറിയിപ്പ്. അമേരിക്കൻ സൈനികർ പിന്മാറിയാലുടൻ താലിബാൻ ഭീകരർ അഫ്ഗാൻ സൈന്യത്തിന് മേൽ ആധിപത്യത്തിനുള്ള ശ്രമം ആരംഭിക്കുമെന്നാണ് നാറ്റോ കണക്കുകൂട്ടുന്നത്. ഇതോടെ താലിബാന്റെ ദയാവായ്പ്പിൽ നാറ്റോ സൈനികരും അതുമായി ബന്ധപ്പെട്ട അഫ്ഗാൻ ഭരണകൂടത്തിലുള്ള ജീവനക്കാരും കഴിയേണ്ടി വരും. വഞ്ചകരായ വിദേശികളെന്ന മനോഭാവമാണ് അമേരിക്കൻ-നാറ്റോ സൈനികരെക്കുറിച്ച് താലിബാനുള്ളത്.

അമേരിക്കൻ സൈന്യത്തിന്റെ കനത്ത തിരിച്ചടികളാണ് താലിബാനെ അടക്കി നിർത്തിയിരിക്കുന്നത്. താലിബാൻ മേഖലയെല്ലാം തന്നെ അമേരിക്കൻ വ്യോമസേനയുടെ നിരീക്ഷത്തിലുമാണ്. നിലവിൽ 2500 പേർ മാത്രമാണുള്ളതെങ്കിലും താലിബാൻ കേന്ദ്രങ്ങളെ തകർക്കാനാകുന്ന ഡ്രോണുകളും മിസൈലുകളുമടക്കമുള്ള അമേരിക്കൻ സേന സർവ്വസജ്ജമാണ്.

താലിബാനുമായി നേരിട്ട് യുദ്ധം ചെയ്യുന്നതിൽ നാറ്റോ സേനകൾ മാത്രം മതിയാകില്ലെന്നതാണ് നിലവിൽ ഉയരുന്ന സുരക്ഷാ പ്രശ്‌നം. അതേ സമയം നാറ്റോ സഖ്യസേനകൾക്ക് വേണ്ട പ്രാദേശിക സുരക്ഷ നൽകാൻ പാകത്തിന് അഫ്ഗാൻ സേനയ്ക്ക് ആത്മവിശ്വാസമില്ലെന്നതും നാറ്റോ വിലയിരുത്തുന്നു.

Top