അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തട്ടിക്കൊണ്ടു പോയവരില്‍ മലയാളിയും?

terrorist

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന. മാവേലിക്കര തെക്കേക്കര കുറത്തികാട് സ്വദേശിയായ മുരളീധരനാണ് ഭീകരരുടെ പിടിയിലായെന്ന് വിവരം ലഭിച്ചിരിക്കുന്നത്. വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിക്കായി മൂന്നു മാസം മുന്‍പാണ് കെഇസി ഇന്റര്‍നാഷണല്‍ കമ്പനിയിലെ എന്‍ജിനീയറായ മുരളീധരന്‍ അഫ്ഗാനിസ്ഥാനിലെത്തിയത്.

ഭീകരരുടെ പിടിയിലായ സംഘത്തെ മോചിപ്പിക്കാന്‍ ഗോത്രവര്‍ഗനേതാക്കളുടെ സഹായത്തോടെ ശ്രമം നടക്കുകയാണ്. കേസിന്റെ സ്വഭാവം പരിഗണിച്ചു കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. ആരൊക്കെ വഴിയാണു തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന വിവരവും രഹസ്യമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച വൈകിട്ടു തന്നെ അഫ്ഗാന്‍ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ സഹായവും അഭ്യര്‍ഥിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ നിന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ജോലിക്കെത്തിയ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നു കരുതിയായിരുന്നു ഇന്ത്യന്‍ സംഘത്തെ ഇവര്‍ ബന്ദിയാക്കിയത്. ദാ അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷേര്‍ക്കത്ത്’ എന്ന കമ്പനി ജീവനക്കാരായിരുന്നു ഇവര്‍ ഏഴ് പേരും. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

Top