അഫ്ഗാനിസ്ഥാനിലെ സ്‌കൂളിന് നേരെ ആക്രമണം : ആളപായമില്ല

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പക്തിക പ്രവിശ്യയില്‍ മൂന്ന് സ്‌കൂള്‍ ലക്ഷ്യമാക്കി ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ സ്‌കൂളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ ഏഴോടെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയായതിനാല്‍ സ്‌കൂളിന്റെ പരിസരങ്ങളില്‍ ആരുമുണ്ടായിരുന്നില്ല.

പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് അഫ്ഗാനിലെ സ്‌കൂളുകള്‍ തുറക്കുന്നത്. ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മൂന്ന് സ്‌കൂളുകളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രാദേശിക ഭരണകൂടം വിരല്‍ചൂണ്ടുന്നത് താലിബാന് നേരെയാണ്. താലിബാനും ഐഎസിനും ശക്തിയുള്ള മേഖലകളിലെ നിരവധി സ്‌കൂളുകള്‍ ആക്രമണങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇസ്ലാമിനു വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവരാണ് പാക്കിസ്ഥാന്‍ താലിബാനും മറ്റ് ഭീകര സംഘടനകളും. പാക്കിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ 1000 ത്തിലധികം സ്‌കൂളുകള്‍ക്ക് നേരെ ഇതിന് മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കിയിരുന്നു.

2012 ല്‍ സ്വാത് താഴ്വരയിലാണ് നൊബേല്‍ ജേതാവ് മലാല യൂസഫ് സായിക്ക് താലിബാന്റെ വെടിയേറ്റത്. പെണ്‍കുട്ടികളുടെ വിദ്യാ
ഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു മലാലയ്‌ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തത്.

Top