പെരുമാറ്റച്ചട്ടം ലംഘിച്ചു; അഫ്ഗാനിസ്ഥാന്‍ ബൗളര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക്

കാബൂള്‍: യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ അഫ്താബ് ആലത്തിനു വിലക്ക്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനു ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകകപ്പ് ടൂര്‍ണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി.

ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് അഫ്താബിന് വിലക്ക്. ലോകകപ്പിനിടെ താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം.

എന്നാല്‍ സതാംപ്ടണില്‍ ടീം താമസിച്ച ഹോട്ടലില്‍ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടി ഉണ്ടാകാന്‍ കാരണമായതെന്നാണ് സൂചന. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ആലം അവസാനമായി കളിച്ചത്. അന്നായിരുന്നു ഹോട്ടലില്‍ താരം മോശം പെരുമാറ്റം നടത്തിയത്.

Top