അഫ്ഗാനിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് നേരേ താലിബാന്‍ ഭീകരരുടെ വധ ഭീഷണി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പൊതു ജനങ്ങള്‍ക്ക് പുറമേ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും ഭീഷണിയുമായി താലിബാന്‍ ഭീകരര്‍ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ  ഭരണകൂടത്തേയും രഹസ്യാന്വേഷണ വിഭാഗത്തേയും  മാധ്യമങ്ങള്‍ അനുകൂലിക്കുന്നുവെന്നും ഈ നയം മാറ്റിയില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഭീകരരുടെ മുന്നറിയിപ്പ്.

അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങള്‍ ഭരണകൂടത്തിനായും രഹസ്യാന്വേഷണ വിഭാഗത്തിനായും മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും പൊതുസമൂഹത്തില്‍ താലിബാനെതിരെ അസത്യ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ,ഏകപക്ഷീയമായ മാധ്യമനയം ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്നും താലിബാന്‍ വക്താവ് സാബുള്ള മുജാഹിദ്  വിമര്‍ശിച്ചു. അമേരിക്കയുടെ സൈനിക പിന്മാറ്റ സൂചനകള്‍ വന്നശേഷം അഫ്ഗാനിസ്ഥാനിലെ പൊതുവിഷയങ്ങളിലടക്കം താലിബാന്റെ ഇടപെടല്‍ പ്രകടമാകുന്നതിന്റെ ഭാഗമായാണ് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമമമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു

Top