അഫ്ഗാനില്‍ ലോയ്ഡ് ഓസ്റ്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

കാബൂള്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. അഫ്ഗാന്‍ പ്രതിനിധികളെ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അറിയിക്കാതെയാണ് ഓസ്റ്റിന്‍ രാജ്യത്ത് എത്തിയത്. അഫ്ഗാനില്‍ നിന്ന് യു.എസ് ട്രൂപ്പുകളെ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയുള്ള അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനം വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്.

പ്രസിഡന്റ് അഷ്റഫ് ഗിലാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം യുദ്ധം ഉത്തരവാദിത്തത്തോടെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാന്‍ പ്രതിനിധികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കല്‍ ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

എ.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയ് ഒന്നിന് മുന്‍പ് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ തിരിച്ചുവിളിക്കുന്ന വിഷയത്തിലെ നിലപാടിനെ കുറിച്ച് ബൈഡന്‍ തുറന്നുപറഞ്ഞത്. ‘ അവരുടെ കാര്യത്തില്‍ എപ്പോള്‍ തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് ഞാന്‍ ഇപ്പോള്‍. മുന്‍ പ്രസിഡന്റ് വളരെ കൃത്യമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കിയിട്ടില്ല,’ എന്നാണ് ബൈഡന്‍ പറഞ്ഞത്.

മുന്‍ പ്രസിഡന്റില്‍ നിന്നും അധികാരം കൈമാറുന്ന സമയത്ത് കാര്യങ്ങള്‍ സുഗമമായല്ല നടന്നതെന്നും അതുകൊണ്ടു തന്നെ അഫ്ഗാനിലെ വിഷയത്തില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സമയം കിട്ടിയില്ലെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ വിഷയത്തിലും ഈ സമയമില്ലായ്മ തന്നെയാണ് പ്രശ്‌നമാകുന്നതെന്നും ബൈഡന്‍ പറഞ്ഞു.ബൈഡന്റെ പ്രസ്താവനക്ക് താലിബാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ധാരണയുണ്ടാക്കിയ സമയത്തിനുള്ളില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാന്‍ അറിയിച്ചു.

Top