നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി ചൈന; നിലപാട് കടുപ്പിച്ച് ട്രംപ്‌

വാഷിങ്ടന്‍: പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളും ഗവേഷകരും യുഎസില്‍ പ്രവേശിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിലക്ക്. ഹോങ്കോങ്ങിലെ വിവാദ സുരക്ഷാനിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതോടെയാണ് ചൈനയ്‌ക്കെതിരെ കടുത്ത നടപടികളുമായി ട്രംപെത്തിയത്.

ചൈന ഹോങ്കോങ്ങില്‍ നടത്തിയ നീക്കം അവിടത്തെ ജനങ്ങള്‍ക്ക് തീരാദുഃഖമാണ് നല്‍കിയത്. രാജ്യാന്തര വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ്കോങ്ങിന് പ്രത്യേക വ്യാപാര പദവിയും ആനുകൂല്യങ്ങളും നഷ്ടമാകും. ഹോങ്കോങ്ങിനു അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളര്‍ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര തുടങ്ങിയ ആനുകുല്യങ്ങള്‍ ഇനി മുതല്‍ ഉണ്ടാകില്ല.

യുഎസില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ വംശീയമെന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇത് നാണംകെട്ട രാഷ്ട്രീയമാണെന്നും ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൈന പ്രതികരിച്ചു.ചൈനയ്‌ക്കെതിരായ യുഎസ് നീക്കത്തിന്റെ ആദ്യ പടിയായാണ് വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.

Top