യുക്തിവാദി സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നത് സംഘര്‍ഷത്തിനോ ?

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ എത്തിയ ലിബി സി.എസ് എന്ന ചേര്‍ത്തല സ്വദേശിയെ പ്രതിഷേധക്കാര്‍ തടയുകയും വലിയ സംഘര്‍ഷത്തിന് അത് കാരണമാവുകയും ചെയ്തു. താന്‍ നിരീശ്വരവാദിയാണെന്ന് സ്വയം തുറന്നു പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നാലു പേര്‍ ശബരിമലയില്‍ പോകാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളാണെന്നും വ്യക്തമാക്കുന്നതാണ് ലിബിയുടെ പോസ്റ്റ്.

കോടതി വിധി സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അത് തിരിച്ചറിയണമെന്നും പറയുന്ന ലിബി രാഹുല്‍ ഈശ്വറിനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

ശബരിമല യാത്ര തടസ്സപ്പെട്ടാല്‍ തിരിച്ചു പോരുകയും സര്‍ക്കാരിനെതിരെ കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചിരുന്നു. മതം ഒരു വിഭാഗത്തിന്റെ മാത്രം കയ്യിലാണെന്നും അത് തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും ലിബി വ്യക്തമാക്കിയിരുന്നു. മതാധിപത്യം തുലയട്ടെ! ഫാസിസം തുലയട്ടെ! ജനാധിപത്യം പുലരട്ടെ! എന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിരീശ്വരവാദികളായ ആളുകള്‍ മലചവിട്ടാന്‍ ഒരുങ്ങുന്നത് ഭക്തി കൊണ്ടല്ലെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നുമുള്ള ശബരിമല സംരക്ഷണ പ്രവര്‍ത്തകരുടെ വാദത്തിന് ബലം നല്‍കുന്നതാണ് ലിബിയുടെ പ്രവര്‍ത്തി. മാലയിട്ട് കറുത്ത വസ്ത്രവുമണിഞ്ഞാണ് ഇവര്‍ മല ചവിട്ടാന്‍ എത്തിയത്. എന്നാല്‍ വൃതം കൃത്യമായി എടുത്തിട്ടില്ലെന്ന് ലിബി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. നിരീശ്വര വാദികള്‍ പള്ളികളില്‍ കയറുന്നില്ലല്ലോ, പിന്നെ അമ്പലത്തിന്റെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്രയധികം പിടിവാശി എന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

Top