റോക്കറ്റ് വിക്ഷേപണമെന്ന ലക്ഷ്യവുമായി ഭീമന്‍ വിമാനം പുറത്തിറങ്ങി

കാലിഫോര്‍ണിയ: റോക്കറ്റ് വിക്ഷേപണമെന്ന ലക്ഷ്യവുമായി ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശപ്പടുന്ന ഭീമന്‍ വിമാനം പുറത്തിറങ്ങി. ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ പോള്‍ അലനാണ് ആറ് എഞ്ചിനുകളോടുകൂടിയ വിമാനം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചത്.

രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത പോലെയാണ് വിമാനത്തിന്റെ ഡിസൈന്‍. 50 അടി ഉയരമുള്ള വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം 385 അടിയാണ് (117 മീറ്റര്‍). രണ്ടരലക്ഷം കിലോഗ്രാം ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം നിറയ്ക്കാനാകും.

ലാന്‍ഡിങ്ങിനായി 28 ചക്രങ്ങളുണ്ട്. 2,000 നോട്ടിക്കള്‍ ൈമല്‍ ദൂരപരിധിയുള്ള ( 3,704 കിലോമീറ്റര്‍) വിമാനത്തിന് 35,000 അടി ഉയരത്തില്‍ ( 10.6 കിലോമീറ്റര്‍) പറക്കാനുമാകും. ഏതു അപകടങ്ങളെയും തരണം ചെയ്യാനായി ആറ് 747 ജെറ്റ് എന്‍ജിനുകളുണ്ട്. എന്നാല്‍ ഈ വിമാനം യാത്രക്കാരെ കയറ്റാന്‍ ലക്ഷ്യമിട്ടുള്ളതല്ല.

ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന രീതിയിലാണ് വിമാനം
ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2019ല്‍ പരീക്ഷണ പറക്കല്‍ നടത്താന്‍ ലക്ഷ്യമിട്ടുളള വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനാണ് പദ്ധതി.

ഇതിലൂടെ വലിയ തോതില്‍ ഇന്ധനം ലാഭിക്കാനാകുമെന്നും കാലാവസ്ഥ പ്രശ്‌നങ്ങള്‍ മറിക്കടക്കുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. കാലിഫോര്‍ണിയയിലെ മരുഭൂമിയിലെ ഹാങ്കറിലാണ് വിമാനത്തിന്റെ നിര്‍മാണം നടക്കുന്നത്.

Top