‘എയ്‌റോ ഇന്ത്യ ഷോ’; ബെംഗളൂരുവില്‍ ഇറച്ചി കടകള്‍ ഫെബ്രുവരി 20 വരെ അടച്ചിടാന്‍ ഉത്തരവ്

ബെംഗളൂര്‍: ഫെബ്രുവരി 20 വരെ ബെംഗളൂരുവില്‍ ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ്. കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിലാണ് ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ് ലഭിച്ചത്. ഫെബ്രുവരി 13 മുതല്‍ 17 വരെ വായുസേന നടത്തുന്ന എയ്‌റോ ഇന്ത്യ ഷോയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഈ നിരോധനം.

ഇറച്ചി, കോഴി, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. വായുവില്‍ പക്ഷികളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിന് വേണ്ടി മാലിന്യ നിര്‍മാര്‍ജ്ജന നടപടികളും ആരംഭിച്ചിട്ടുണ്ട്. യെലഹങ്കയിലെ സ്‌റ്റേഷന്‍ എയ്‌റോസ്‌പേസ് സേഫ്റ്റി ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചികടകള്‍ അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബിബിഎംപി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫെബ്രുവരി 20 വരെ ഇറച്ചി കടകള്‍ അടച്ചിടാന്‍ ഉത്തരവ് നല്‍കിയത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഇല്ലാ എന്നും ഉത്തരവില്‍ പറയുന്നുണ്ട്. എയര്‍ഫോഴ്‌സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയ്‌റോ ഇന്ത്യക്ക് ആതിഥേയത്വം വഹിക്കുക.

Top