അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലറായ ‘മഡ്ഡി’ ഇന്ന് തിയേറ്ററുകളില്‍

അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലറായ ‘മഡ്ഡി’ ഇന്ന് തിയേറ്ററുകളിലെത്തും. പി കെ 7 ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് നിര്‍മിച്ചിരിക്കുന്ന ബഹുഭാഷ ചിത്രമാണ് മഡ്ഡി. ഇന്ത്യന്‍ സിനിമയില്‍ തന്നെ 4×4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ സിനിമയാണിത്. പുതുമുഖ സംവിധായകനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചെളിയിലുള്ള സംഘട്ടനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാഹസിക രംഗങ്ങള്‍ വളരെ യാഥാര്‍ത്ഥ്യമായി ചെളിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തോളം മഡ് റേസിംഗില്‍ പരിശീലനവും നല്‍കിയിരുന്നു. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.

ഹരീഷ് പേരഡി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു.

കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഡോ.പ്രഗ്ഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ. പ്രധാനമായും വ്യത്യസ്തടീമുകള്‍ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രതികാരം, കുടുംബം, നര്‍മ്മം, സാഹസികത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭല്‍ പറയുന്നു. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ സംഗീതവും, രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Top