അന്വേഷണം സ്വാഗതം ചെയ്ത് സൈബി ജോസ്; ‘ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്തുള്ള ആള്‍’

Adv Saiby Jose Kidangoor

കൊച്ചി: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നതായും അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസ് കിടങ്ങൂര്‍. ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം.

ജഡ്ജിമാരുടെ പേരില്‍ പണം താന്‍ വാങ്ങിയിട്ടില്ല. അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420 , അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

Top