മദ്യവിപ്ലവം ജയിക്കട്ടെ; ഷിബു ബേബി ജോണിനെയും സര്‍ക്കാരിനെയും പരിഹസിച്ച് അഡ്വ ജയശങ്കര്‍

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനമായ ഇന്ന് ഡിസ്റ്റിലറി അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയ ഷിബു ബേബി ജോണിനെ പരസ്യമായി പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്നേ ദിവസം അപേക്ഷ അയച്ചതുകൊണ്ട് സര്‍ക്കാരിന് അത് അവഗണിക്കാന്‍ കഴിയില്ലെന്നും മദ്യ വിപ്ലവം ജയിക്കട്ടെയെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

എല്ലാ ബാറും പൂട്ടാനുള്ള യുഡിഎഫ് തീരുമാനം പരമ അബദ്ധമായിപ്പോയെന്നു തുറന്നു പറഞ്ഞയാളാണ് വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മുൻമന്ത്രിയുമായ സഖാവ് ഷിബു ബേബിജോൺ.

എൽഡിഎഫ് സർക്കാർ ബാറുകൾ തുറക്കാനും ദൂരപരിധി കുറയ്ക്കാനും അബ്കാരി മുതലാളിമാരുടെ സൗകര്യാർത്ഥം ദേശീയ, സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാനും തീരുമാനിച്ചപ്പോൾ അതിനെ എതിർക്കാതിരിക്കുകയും ചെയ്തു.

ചോദിക്കുന്നവർക്കൊക്കെ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച് കേരളത്തെ മദ്യസ്വയംപര്യാപ്തമാക്കാനുളള തീരുമാനത്തോടും ഷിബുവിന് യോജിപ്പാണ്. മാത്രമല്ല, കൊല്ലം ജില്ലയിൽ ഒരു ഡിസ്റ്റിലറി സ്ഥാപിച്ചു മാതൃക കാണിക്കാനും ആഗ്രഹിക്കുന്നു. ചവറയിലോ നീണ്ടകരയിലോ ആയിരിക്കും ഷിബുവിൻ്റെ റവല്യൂഷണറി ഡിസ്റ്റിലറി.

ഡിസ്റ്റിലറി അനുവദിക്കാനുളള അപേക്ഷ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കഴിഞ്ഞു. മദ്യവർജനക്കാരുടെ ഉസ്താദായിരുന്ന മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനത്തിലാണ് ഈ അപേക്ഷ. അതുകൊണ്ടു തന്നെ സർക്കാരിന് അവഗണിക്കാൻ കഴിയില്ല.
മദ്യവിപ്ലവം വിജയിക്കട്ടെ!
മാർക്സിസം ലെനിനിസം ലിക്കറിസം നീണാൾ വാഴട്ടെ!!

Top