ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയില്ല; അഡ്വ ജയശങ്കര്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പൊലീസിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇതുകൊണ്ടൊന്നും കത്തോലിക്ക സഭ തളരുകയില്ല. ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കള്‍ക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനു നീതിക്കും വേണ്ടി പതറാതെ പോരാടുമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാൻ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു.

ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകൾക്കും അവർക്കു പിന്തുണ നൽകിയ കുലംകുത്തികളായ ചില വൈദികർക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികൾക്കും സന്തോഷിക്കാം.

പരിശുദ്ധ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സർക്കാരിനും ഗൂഢമായി ആനന്ദിക്കാം.

പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും.

സത്യമായും നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാൻ 8:32)

Top