മാനസാന്തരം വന്ന വനിതാ മതിലിന്റെ മേസ്തിരി; സുഗതനെ ട്രോളി അഡ്വ ജയശങ്കര്‍

കൊച്ചി: ക്രിസ്തു ദേവന്റെ ഉപദേശത്താല്‍ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താല്‍ സുഗതനും മാനസാന്തരമുണ്ടായെന്ന് അഡ്വ ജയശങ്കര്‍. മാനസാന്തരം വന്ന മേസ്തിരി സുഗതനാണ് ഇപ്പോള്‍ നമ്മോടൊപ്പമുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസരൂപേണ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഗതനെ അറിയാമോ? നമ്മുടെ
സുഗതനെ അറിയാമോ?

മുമ്പ് ഒരു സുഗതൻ ഉണ്ടായിരുന്നു: അയോധ്യയിൽ പളളി പൊളിക്കാൻ പോയ സുഗതൻ, ഹാദിയയുടെ ശിരോവസ്ത്രം കീറിയെറിഞ്ഞ് തലയും ഉടലും വേർപെടുത്തണം എന്ന് ആക്രോശിച്ച, തുലാമാസ പൂജയ്ക്ക് ശബരിമലയിൽ യുവതികളെ തടയാൻ പോയ സുഗതൻ.

ഇപ്പോൾ വേറൊരു സുഗതനുണ്ട്: മാനസാന്തരം വന്ന സുഗതൻ, വനിതാ മതിലിന്റെ മേസ്തിരി സുഗതൻ. നവോത്ഥാന നായകനായ നമ്മുടെ സ്വന്തം സുഗതൻ.

മാനസാന്തരം വരുന്നത് മോശം കാര്യമല്ല. കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും മാനസാന്തരം ഉണ്ടായി.

ക്രിസ്തു ദേവൻ്റെ ഉപദേശത്താൽ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും മാനസാന്തരമുണ്ടായി. അദ്ദേഹം മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു, പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു.

നവോത്ഥാനം നീണാൾ വാഴട്ടെ!

Top