വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല;അഡ്വ ജയശങ്കര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിസി ജോര്‍ജ് എംഎല്‍എയുടെ നിലപാടുകളെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോര്‍ജിന്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിര്‍ത്തണം. വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ലെന്നും ജയശങ്കര്‍ പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുലിവാഹനനാണ് ശബരിമല അയ്യപ്പൻ; പൂഞ്ഞാർ വ്യാഘ്രമാണ് പിസി ജോർജ് എംഎൽഎ. സെപ്റ്റംബർ 28 മുതൽ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിർത്ത, ഭഗവാൻ്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവൽഗണിച്ച പന്തളത്തെ മുൻ രാജാവ് എരുമേലിയിൽ പിസി ജോർജിൻ്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോർജിൻ്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികൾക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിർത്തണം.

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.

സ്വാമിയേ ശരണമയ്യപ്പ!

Top