യൂസഫലി സാഹിബ് മൗനം വെടിഞ്ഞ് കേരളത്തെ രക്ഷിക്കണമെന്ന് അഡ്വ. ജയശങ്കര്‍

പ്രളയത്തെ തുടര്‍ന്ന് യുഎഇ ഗവണ്‍മെന്റ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കരുതിയ 700 കോടിയുടെ പ്രഖ്യാപനം വല്ലാത്ത പൊല്ലാപ്പായെന്ന് അഡ്വക്കറ്റ് ജയശങ്കര്‍. കേന്ദ്രവും സിപിഎമ്മും തമ്മില്‍ ഇതേചൊല്ലി കുറ്റപ്പെടുത്തുകയാണ്. സത്യാവസ്ഥ എന്തെന്ന് ഇതുവരെ വ്യക്തമല്ല. അതിനാല്‍ യൂസഫലി സാഹിബ് മൗനം വെടിഞ്ഞ് കേരളത്തെ രക്ഷിക്കണമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

യുഎഇ ഗവൺമെന്റ് തരുമെന്ന് കരുതിയ 700 കോടിയുടെ ദുരിതാശ്വാസ ധനസഹായം വല്ലാത്ത പൊല്ലാപ്പായി. സിപിഎമ്മും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നു, ബിനോയ് വിശ്വം കോടതി കയറുന്നു, അർണാബ് ‘ഗോ’സ്വാമി കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകരെ ആകമാനം ആക്ഷേപിക്കുന്നു.

എന്താണ് യാഥാർത്ഥ്യം? യുഎഇ 700 കോടി രൂപ (100 മില്യൺ അമേരിക്കൻ ഡോളർ) തരാൻ ഉദ്ദേശിച്ചോ? അത് കേന്ദ്ര സർക്കാർ മുടക്കിയതാണോ? അതോ മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ടതാണോ?
ഈ വിഷമസന്ധിയിൽ നിന്ന് കരകയറ്റാൻ എംഎ യൂസഫലിക്കു മാത്രമേ സാധിക്കൂ. അദ്ദേഹം ഉള്ള കാര്യം തുറന്നു പറഞ്ഞാൽ വിവാദം അവിടെ അവസാനിക്കും.

അതുകൊണ്ട് യൂസഫലി സാഹിബ് മൗനം വെടിയണം. കേരളത്തെ രക്ഷിക്കണം.

Top