ശബരിമല ചലഞ്ചിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന പിണറായിക്ക് കൈത്താങ്ങായി സരിത; അഡ്വ ജയശങ്കര്‍

കൊച്ചി: സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന് അഡ്വ. ജയശങ്കര്‍. മീ ടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ലെന്നും ജയശങ്കര്‍ പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.

ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവിൽ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മൾ അതിജീവിക്കും,
സഖാവ് സരിതയ്ക്കൊപ്പം

Top