ബ്രൂവറി; മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: ശബരിമല ചലഞ്ച് ആയാലും സാലറി ചലഞ്ച് ആയാലും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടു വെക്കാത്ത പ്രകൃതക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രൂവറി ചലഞ്ചിലും അത് ആവര്‍ത്തിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാള്‍ ഉറയിലിട്ടെന്ന് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാലറി ചലഞ്ച് ആയാലും. ശബരിമല ചലഞ്ച് ആയാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല, നമ്മുടെ മുഖ്യമന്ത്രി. കല്പന കല്ലേപ്പിളർക്കും. പ്രതിപക്ഷ നേതാവിനോട് പോയി പണി നോക്കാൻ പറയും; മാധ്യമ സിൻഡിക്കേറ്റുകാരോട് കടക്കൂ പുറത്ത് എന്ന് ആക്രോശിക്കും.

ബ്രൂവറി ചലഞ്ചിലും അതു തന്നെ ആവർത്തിക്കും എന്നാണ് മാലോകരൊക്കെ കരുതിയത്. കർണാടക, തമിഴ്നാട് ലോബിയുടെ കുത്തക തകർക്കാനും മദ്യോല്പാദന രംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാനും വേറെ വഴിയില്ല; അബ്കാരി നിയമവും ചട്ടങ്ങളും കീഴ്വഴക്കവും പാലിച്ച്, ഇടതുപക്ഷ മുന്നണിയുടെ പ്രഖ്യാപിത നയത്തിന് തികച്ചും അനുസൃതമായിട്ടാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്നതെന്ന് ബഹു എക്‌സൈസ് മന്ത്രി നെഞ്ചിൽ കൈ വച്ചു പറഞ്ഞു. മൂന്നരക്കോടി മലയാളികളും അത് വിശ്വസിച്ചു.

മനോരമാദി മാധ്യമങ്ങളും രമേശ് ചെന്നിത്തലയും ദുഷ്പ്രചരണം തുടരവേ, ഇതാദ്യമായി മുഖ്യമന്ത്രി ഊരിയ വാൾ ഉറയിലിട്ടു. ബ്രൂവറി ചലഞ്ച് തല്ക്കാലം മരവിപ്പിച്ചു. ചട്ടലംഘനമോ അഴിമതിയോ ഉളളതുകൊണ്ടല്ല, പ്രളയാനന്തര പുനർനിർമാണ കാലത്ത് അപസ്വരങ്ങൾ ഒഴിവാക്കാൻ മാത്രം.

നവകേരള നിർമ്മാണവും പാർലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും തിരിച്ചുവരും. അപ്പോഴും ഉണ്ടാവില്ല അഴിമതി.

Top