രാഹുല്‍-മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്; അഡ്വ ജയശങ്കര്‍

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നിര്‍ദേശങ്ങളുമായി അഡ്വ ജയശങ്കര്‍ രംഗത്ത്. കോണ്‍ഗ്രസിനും ബിജെപിക്കും വളരെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നാല് സംസ്ഥാനങ്ങളില്‍ വെന്നിക്കൊടി പാറിച്ചാല്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം. രാഹുല്‍-മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ.

അഞ്ചു കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശും ഛത്തീസ്ഗഡിലും 15വർഷം പിന്നിട്ട സർക്കാരുകളാണ്. തെലങ്കാനയിൽ കാലാവധി തീരുംമുൻപ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ്.

കോൺഗ്രസിനും ബിജെപിക്കും വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരം എല്ലായിടത്തുമുണ്ട്. അത് ചൂഷണം ചെയ്താൽ കോൺഗ്രസിന് പുഷ്പം പോലെ ജയിക്കാം.

വിലക്കയറ്റവും പണപ്പെരുപ്പവും നോട്ടുനിരോധനവും ജിഎസ്ടിയും റഫാൽ അഴിമതിയും പോലുള്ള വിഷയങ്ങൾ വേറെയുമുണ്ട്. ഇതൊക്കെ ഫലപ്രദമായി ഉപയോഗിക്കാൻ രാഹുൽ ഗാന്ധിക്കു കഴിയുമോ കോൺഗ്രസിന്റെ സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പ് മെഷിനറിയും അവസരത്തിനൊത്ത് ഉയരുമോ എന്നേയുള്ളൂ സംശയം.

നാല് സംസ്ഥാനങ്ങളിൽ വെന്നിക്കൊടി പാറിച്ചാൽ കോൺഗ്രസിന് ആത്മവിശ്വാസത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാം. ഇപ്പോൾ മടിച്ചു നില്ക്കുന്ന പ്രാദേശിക പാർട്ടികൾ യുപിഎയോട് അടുക്കും. സംഭാവന നൽകാൻ വ്യവസായികളും തയ്യാറാകും.

രാഹുൽ- മോദി യുദ്ധത്തിൻ്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…

Top