കമ്മ്യൂണിസ്റ്റുകാരായ ജോയിയുടെ ബന്ധുക്കള്‍ ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു; അഡ്വ ജയശങ്കര്‍

കൊച്ചി: മതംമാറ്റം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വിശ്വസിച്ചയാളാണ് കൊടുങ്ങല്ലൂരിലെ മുന്‍ നക്‌സലേറ്റ് നേതാവായ ടി എന്‍ ജോയ്. അദ്ദേഹം ഒക്ടോബര്‍ 2ന് കരള്‍രോഗം മൂര്‍ച്ചിച്ച് നിര്യാതനായി. ഇസ്ലാം മതം സ്വീകരിച്ച് പേര് നജ്മല്‍ ബാബു എന്നാക്കി തന്റെ മൃതദേഹം ചേരമാന്‍ പളളി ഖബര്‍സ്ഥാനില്‍ മറമാടണം എന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റുകാരും നിരീശ്വരവാദികളുമായ ബന്ധുക്കള്‍ ഭൗതിക ശരീരം പാര്‍ട്ടി ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജോയിയുടെ സ്ഥിതി ഇതാകുമെങ്കില്‍ സാധാരണക്കാരുടെ ഗതി എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ എന്ന് അഡ്വ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മതംമാറ്റവും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നു വിശ്വസിച്ചയാളാണ് കൊടുങ്ങല്ലൂരെ മുൻ നക്സലൈറ്റ് നേതാവ് ടിഎൻ ജോയ്. രാജ്യത്തു പടർന്നു പന്തലിച്ച ഹിന്ദുത്വ രാഷ്ട്രീയത്തോടുളള പ്രതിഷേധം കൊണ്ടാണ് മൂന്നു വർഷം മുമ്പ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതും പേര് നജ്മൽ ബാബു എന്നാക്കിയതും തന്റെ മൃതദേഹം ചേരമാൻ പളളി ഖബർസ്ഥാനിൽ മറമാടണം എന്നു നിർദേശിച്ചതും.

മിനിയാന്ന്, കരൾരോഗം മൂർച്ഛിച്ച് ജോയ് നിര്യാതനായി. കമ്മ്യൂണിസ്റ്റുകാരും നിരീശ്വരവാദികളുമായ ബന്ധുക്കൾ ഭൗതിക ശരീരം പാർട്ടി ആചാരപ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതിനേക്കാൾ കഷ്ടമായിരുന്നു കൊടുങ്ങല്ലൂർ എടവിലങ്ങിലെ സൈമൺ മാഷിന്റെ തലവിധി. 18കൊല്ലം മുമ്പ് ഇസ്ലാം ആശ്ലേഷിച്ച്, ഹജ്ജ് നടത്തി, മതസംബന്ധമായ 5 പുസ്തകങ്ങൾ രചിച്ച മാഷിന്റെ മൃതദേഹം കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളേജിനു വിട്ടുകൊടുത്തു. ജമാഅത്തെ ഇസ്‌ലാമിക്കാർ ഹൈക്കോടതിയിൽ റിട്ടുഹർജി കൊടുത്തെങ്കിലും വിധി എതിരായി.

സച്ചിദാനന്ദൻ്റെയും കെ വേണുവിന്റെയും ഉറ്റസുഹൃത്തായ ജോയിയുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും എന്ന് ഊഹിക്കാവുന്നതേയുളളൂ.
സൈമൺ മാഷിന്റെയും ടിഎൻ ജോയിയുടെയും പരലോക പുണ്യത്തിനായി പ്രാർത്ഥിക്കുന്നു.

Top