ബിഷപ്പിന്റെ ജയില്‍വാസം ക്രിസ്തുവിന്റെ കുരിശുമരണത്തോട് ഉപമിക്കുന്നവര്‍ പരിഹാസ്യരാകും;അഡ്വ ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ച പ്രവാചകന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ പ്രശംസിച്ച് അഡ്വ ജയശങ്കര്‍. കര്‍ദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആ മനുഷ്യൻ നീ തന്നെ!

തൻ്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തിൽ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത് സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരൽ ചൂണ്ടി ആ മനുഷ്യൻ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാൻ പ്രവാചകൻ്റെയും കഥ ബൈബിൾ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സിജെ തോമസ് ഒരു നാടകവും എഴുതിയിട്ടുണ്ട്.

കേരള കത്തോലിക്കാ മെത്രാൻ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരൻ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോൺഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലിൽ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോൾ, മറ്റൊരു നാഥാൻ പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നു- മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര.

കർദിനാളിൻ്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്പേരുണ്ടാക്കി; കന്യാസ്ത്രീകളുടെ സമരം ന്യായയുക്തമായിരുന്നു എന്ന് ഭരണിക്കുളങ്ങര തീർത്തു പറഞ്ഞു.

കന്യാസ്ത്രീ സമരത്തിനു പിന്നിൽ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകൾ നീണ്ടുവരും. ജലന്തർ ബിഷപ്പിൻ്റെ ജയിൽ വാസത്തെ യേശു ക്രിസ്തുവിൻ്റെ കുരിശു മരണത്തോട് ഉപമിക്കുന്നവർ പൊതുജന മധ്യത്തിൽ പരിഹാസ്യരാകും.

Top