ദത്ത് വിവാദം: സര്‍ക്കാര്‍ ഒരിക്കലും അമ്മയ്ക്ക് ഒപ്പമായിരുന്നില്ലെന്ന് ഷാഫി പറമ്പില്‍

കൊച്ചി: അനുപമക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കരുത് എന്ന തീരുമാനമെടുത്തത് കേരളത്തിലെ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍.

സിപിഐഎമ്മിന്റെ നിര്‍ദ്ദേശമാണ് ശിശുക്ഷേമ സമിതി നടപ്പിലാക്കിയതെന്നും ഷാഫി പറഞ്ഞു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഐഎമ്മും സര്‍ക്കാരും ഒരിക്കലും അമ്മക്കൊപ്പം നിന്നിട്ടില്ലെന്നും ഷാഫി പറമ്പില്‍ തൃശൂരില്‍ പറഞ്ഞു.

വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ ശിശുക്ഷേമ സമിതിയിലോ ഷിജു ഖാനെന്ന നേതാവിലോ അവസാനിക്കുന്ന ഒന്നല്ല. ഷിജു ഖാന്‍ നടപ്പിലാക്കിയത് പാര്‍ട്ടി നിലപാടാണെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഒരു സര്‍ക്കാരിനെങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ സാധിക്കുന്നതെന്നും ഷാഫി ചോദിച്ചു. സിപിഐഎം എന്നൊരു പ്രസ്ഥാനം ഇങ്ങനെ അധഃപതിക്കാന്‍ പാടുണ്ടോ എന്നും, അതിന് പാര്‍ട്ടി ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദത്ത് വിവാദത്തില്‍ സിഡബ്ല്യുസിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.

Top