ദത്ത് വിവാദം; അന്വേഷണം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച കൂടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനുപമ ദത്ത് വിഷയത്തില്‍ വനിതാ വികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണം പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച കൂടി എടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ഇനിയും കുറെ ഏറെ ആളുകളുടെ മൊഴി എടുക്കേണ്ടതായിട്ടുണ്ട്. രേഖകള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. അതിനെല്ലാം സമയം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

മൂന്ന് ആഴ്ച സമയം വേണമെന്നാണ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. 3 ആഴ്ച സമയമാണ് നല്‍കിയത്. അന്വേഷണം പുരോഗമിക്കുന്നുണ്ട്. കുറെയേറെ പേരെ മൊഴി എടുക്കുന്നതിന് വേണ്ടി വിളിച്ചിരുന്നു. എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദ്യം അന്വേഷിച്ചത്.

ദത്ത് നല്‍കിയ നടപടിക്രമങ്ങളില്‍ എന്തെങ്കിലും പാളിച്ചകളുണ്ടോ എന്നതാണ് ആദ്യം അന്വേഷിച്ചത്. വകുപ്പിനെ സംബന്ധിച്ച് അതാണ് ഏറ്റവും പ്രധാനം. ദത്തിന്റെ കാര്യത്തില്‍ അത് നിയമപരമായി തന്നെയാണ് പോയിട്ടുള്ളത്. സമഗ്ര റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ ലഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ സംസാരിക്കവെ വ്യക്തമാക്കി.

കുട്ടിയെ അമ്മത്തൊട്ടിലില്‍ ലഭിച്ചപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും സമഗ്ര റിപ്പോര്‍ട്ടിന് അല്‍പ്പം സമയമെടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്.

Top