ദത്ത് വിവാദത്തിന് കാരണം തന്നെ എന്താണെന്നത് ആരും മറക്കരുത്

ത്ത് വിവാദത്തില്‍ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കട്ടെ. എന്നാല്‍ അതു കൊണ്ടൊന്നും അനുപമയും അജിത്തും ചെയ്ത പ്രവര്‍ത്തിയെ അംഗീകരിക്കാന്‍ കഴിയുകയില്ല. അനുപമക്ക് അനുകൂലമായി മറ്റൊരു അനുപമ റിപ്പോര്‍ട്ട് നല്‍കിയതു കൊണ്ടുമാത്രം സമൂഹത്തിന്റെ മുന്നില്‍ ആരും വെള്ളപൂശപ്പെടുകയില്ല. കുഞ്ഞിനെ അനുപമക്ക് തന്നെ ലഭിക്കണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിച്ചത്. മറിച്ചൊരു വിഭാഗം അദ്ധ്യാപക ദമ്പതികള്‍ വളര്‍ത്തട്ടെ എന്നൊരു അഭിപ്രായം പ്രകടിപ്പിച്ചത് അത്തരക്കാരുടെ രോഷപ്രകടനമായി മാത്രം വിലയിരുത്തിയാല്‍ മതിയാകും.

കുഞ്ഞിനെ ദത്തു നല്‍കിയതിലെ വീഴ്ച ചര്‍ച്ചയാക്കുന്നവര്‍ ഇത്തരം ഒരവസ്ഥ സ്വന്തം കുടുംബത്തായിരുന്നു നടന്നതെങ്കില്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്നതും തുറന്നു പറയണം. അനുപമയുടെ മാതാപിതാക്കള്‍ ആ കുഞ്ഞിനെ നശിപ്പിക്കാനല്ല വളര്‍ത്താനാണ് ശ്രമിച്ചത്. അതു കൊണ്ടു തന്നെ അവരെ ക്രൂരന്‍മാരായി വിലയിരുത്തുന്നത് ശരിയല്ല. സാഹചര്യമാണ് ആ മാതാപിതാക്കളെ അത്തരമൊരു കടന്ന പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുക.

അനുപമയുടെ സഹോദരിയുടെ വിവാഹം അടുത്ത സാഹചര്യത്തില്‍ ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്നത് മാത്രമേ അവരും ചിന്തിച്ചിട്ടൊള്ളൂ. ഇക്കാര്യം അനുപമയുടെ പിതാവ് തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. അനുപമക്കും അജിത്തിനും വേണ്ടി രംഗത്തു വരുന്നവര്‍ ഒരു കാര്യം മറന്നു പോകരുത്. സമൂഹത്തിലെ നിലവിലെ രീതിക്ക് അനുസൃതമായ ഒരു ബന്ധമായിരുന്നില്ല അവരുടേത്. വിവാഹിതനായ അജിത്ത് അനുപമയെ ആഗ്രഹിച്ചതു തന്നെ തെറ്റാണ്. അതു പോലെ വിവാഹിതയാകും മുന്‍പ് മറ്റൊരാളുടെ ഭര്‍ത്താവായ അജിത്തില്‍ ഒരു കുഞ്ഞിനെ അനുപമ ആഗ്രഹിച്ചതും ശരിയായ നിലപാടല്ല. കേരളീയ സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിത്.

സ്വന്തം പിതാവ് ജീവനും മരണത്തിനും ഇടയില്‍ പിടയുമ്പോള്‍ നടന്ന ഈ ഇടപെടലുകളെ ഒരു കാരണവശാലും പിന്തുണയ്ക്കാന്‍ കഴിയുകയില്ല. അനുപമയുടെ പിതാവ് ജയചന്ദ്രന്‍ ഏതവസ്ഥയിലാണ് എറണാകുളത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞതെന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അനുപമയുടെയും പിതാവിന്റെയും സ്‌നേഹം നേരിട്ടു കണ്ട ഈ കുടുംബ സുഹൃത്തുക്കള്‍ അനുപമയുടെ മാറിയ മുഖം കണ്ട് അമ്പരന്നിരിക്കുകയാണിപ്പോള്‍. സ്വന്തം മാതാപിതാക്കളെ സി.പി.എം പുറത്താക്കണമെന്നതും അവര്‍ അഴി എണ്ണണമെന്നതുമാണ് അനുപമ ആഗ്രഹിക്കുന്നത്. വല്ലാത്ത ഒരു ആഗ്രഹമാണിത്.

അനുപമയുടെ മാതാപിതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി അവരെ ശിക്ഷിക്കട്ടെ. അതിനു വേണ്ടി മകള്‍ ദിവസവും ചാനലിലൂടെ കടന്നാക്രമിക്കുന്നത് എത്രമാത്രം ശരിയാണ് എന്നത് സമുഹമാണ് വിലയിരുത്തേണ്ടത്. സ്വന്തം മാതാപിതാക്കള്‍ക്കും സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും എതിരെ രംഗത്തു വരുന്ന അനുപമയും അജിത്തും തങ്ങളുടെ ഭാഗത്ത് ചെറിയ ഒരു തെറ്റു പറ്റിയതായി പോലും ഇതുവരെ സമ്മതിച്ചിട്ടില്ല. അവരായിട്ട് ഒന്നും സമ്മതിക്കാനും പോകുന്നില്ല.

എന്നാല്‍ ഇവര്‍ തമ്മിലുണ്ടായ ബന്ധം എല്ലാവരും അംഗീകരിച്ചു കൊടുക്കണം എന്നു പറഞ്ഞാല്‍ പോയി പണി നോക്കാന്‍ തന്നെ പറയും. ദത്ത് വിഷയത്തിലെ അനാസ്ഥയില്‍ പിടിച്ച് അനുപമയും അജിത്തും ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഏത് മാധ്യമങ്ങള്‍ ശ്രമിച്ചാലും അതൊന്നും കേരളീയ സമൂഹത്തില്‍ വിലപ്പോവുകയില്ലന്നതും ഓര്‍ക്കുന്നത് നല്ലതാണ്. ഈ വിഷയത്തില്‍ ഒരഭിപ്രായ സര്‍വേ സത്യസന്ധമായി നടത്താന്‍ ക്രെഡിബിലിറ്റിയുള്ള ഏതെങ്കിലും മാധ്യമങ്ങള്‍ തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ അതാണ് ഇപ്പോഴെങ്കിലും നടത്തേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ പറഞ്ഞത് പലതും നിങ്ങള്‍ക്കു തന്നെ വിഴുങ്ങേണ്ടിയും വരും.

നിയമത്തിന്റെ മുന്നില്‍ അനുപമയുടെ പിതാവിന് ഉള്‍പ്പെടെ തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. അതു പക്ഷേ ദുഷ്ട ഉദ്ദേശത്തോടെ മാത്രമാണെന്ന് ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല. വിവാഹിതയാകാത്ത മകളുടെ ഭാവി ഓര്‍ത്ത് സ്തംഭിച്ചു നിന്ന പിതാവിന്റെ മനസ്സ് ആ മകള്‍ക്ക് കാണാനായില്ലെങ്കിലും പെണ്‍മക്കളുള്ള ഒരോ രക്ഷിതാക്കള്‍ക്കും കാണാന്‍ കഴിയും. സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഉണ്ടായി എന്നു പറയുന്ന വീഴ്ചയും ഈ കണ്ണിലൂടെ കാണുമ്പോള്‍ അത്ര വലിയ അപരാധമാണോ എന്നതും സാംസ്‌കാരിക കേരളം ചിന്തിക്കണം.

അനുപമ ആരോപിച്ചതു പോലെ ഡി.എന്‍.എ ടെസ്റ്റില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ആരും കുഞ്ഞിനെ മാറ്റിയിട്ടും ഇല്ല. അനുപമക്ക് തന്നെ കുഞ്ഞ് എന്ന നിലപാടു തന്നെയാണ് സര്‍ക്കാറും സ്വീകരിച്ചിരിക്കുന്നത്. ഇതും പോരാഞ്ഞ് ഇനി ചിലരുടെ സ്ഥാനങ്ങള്‍കൂടി തെറിപ്പിക്കണമെന്നത് അനുപമയുടെ വാശിയാണെങ്കില്‍ അതിനു പിന്നില്‍ ചില അജണ്ടകളും ഉണ്ടാകും. അക്കാര്യം സംശയിക്കുക തന്നെ വേണം.

EXPRESS KERALA VIEW

Top