ദത്ത് വിവാദം; പാര്‍ട്ടിക്ക് ചീത്തപ്പേര്, അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ എസ്.ചന്ദ്രന്റെ അച്ഛന്‍ പി.എസ്. ജയചന്ദ്രനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കാന്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ് പി.എസ്.ജയചന്ദ്രന്‍.

ജയചന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു യോഗം വിലയിരുത്തി. ഇക്കാര്യം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും.

പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്നും തെറ്റുചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും സംഭവത്തില്‍ അനുപമ പ്രതികരിച്ചു.

നേരത്തെ, അനുപമയുടെ പരാതിയെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മാതാവ് സ്മിത ജെയിംസ് പേരൂര്‍ക്കട എ ബ്രാഞ്ച് അംഗമാണ്. അച്ഛന്റെ സുഹൃത്ത് അനില്‍കുമാര്‍ മുന്‍ കൗണ്‍സിലറാണ്. സംസ്ഥാന നേതൃത്വം അനുപമയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായിരുന്നു.

ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന അനുപമയുടെ ആരോപണവും വിവാദങ്ങള്‍ക്കു മൂര്‍ച്ചകൂട്ടി. ജില്ലാ നേതൃത്വം നേരത്തെ നടപടി എടുത്തിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ തടയാമായിരുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Top