ദത്ത് വിവാദം; അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വീണ്ടും സമരം ആരംഭിച്ച് അനുപമ. ആരോപണ വിധേയരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കുഞ്ഞിന്റെ കാര്യത്തിലും ആശങ്കയുണ്ടെന്ന് അനുപമ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം.

ശിശുക്ഷേമ സമിതിക്ക് മുന്‍പിലാണ് അനുപമ അനിശ്ചിതകാലസമരം ആരംഭിച്ചത്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ എസ് ഷിജുഖാന്‍ സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ എന്നിവരെ താല്‍ക്കാലികമായി എങ്കിലും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് അനുപമയുടെ ആവശ്യം. ആരോപണ വിധേയര്‍ ഔദ്യോഗിക സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അനുപമ ആരോപിച്ചു.

ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ് ഉണ്ടെങ്കിലും കുഞ്ഞിന്റെ കാര്യത്തില്‍ ഇനിയും ആശങ്ക ഉണ്ട്. കേസില്‍ അന്തിമ വിധി വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും അനുപമ ആവശ്യപ്പെട്ടു.

മന്ത്രി വീണ ജോര്‍ജിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നേരില്‍കണ്ട് അനുപമ ആശങ്ക അറിയിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പൊലീസ് ഇനിയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സി.ഡബ്ല്യു.സിയുടെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അനുപമ പറഞ്ഞു.

 

Top