ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ പ്രമേയം അംഗീകരിച്ച്; യുഎൻ രക്ഷാകൗണ്‍സില്‍

സ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസ മുനമ്പിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎന്‍ രക്ഷാകൗണ്‍സില്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുനമ്പിലേക്ക് അടിയന്തരമായി തടസമില്ലാതെ മാനുഷിക പ്രവേശനം ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചത്. അതേസമയം ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതില്‍ സമിതി പരാജയപ്പെട്ടു.

യുഎന്‍എസ്സിയിലെ സ്ഥിരാംഗവും ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയുമായ യുഎസിന്റെ വീറ്റോ ഒഴിവാക്കാന്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. സഹായം എത്തിക്കുന്നതിലെ യഥാര്‍ഥ പ്രശ്‌നം ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഗാസയില്‍ പട്ടിണി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.വോട്ടെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പ്, കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒരാളായ റഷ്യ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരടിലേക്ക് മടങ്ങുന്നതിനുള്ള ഒരു ഭേദഗതി അവതരിപ്പിച്ചിരുന്നു. ഈ ഭേദഗതി പരാജയപ്പെട്ടതോടെ റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

യുദ്ധം സുസ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെടുന്ന പ്രമേയം13 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് പാസായത്. ആരും എതിര്‍ത്തില്ല. യുഎസും റഷ്യയും വോട്ടെടുപ്പില്‍നിന്ന് വിട്ട് നിന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഗാസ മുനമ്പില്‍ ഉടനീളം വെടിനിര്‍ത്തലും ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മാനുഷിക ഇടനാഴികളും തയാറാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രമേയം പറഞ്ഞു.ഗാസ മുനമ്പില്‍ ഉടനീളമുള്ള പലസ്തീന്‍ ജനങ്ങള്‍ക്ക് ഉടനടി സുരക്ഷിതവും തടസമില്ലാതെയും മാനുഷിക സഹായം എത്തിക്കാന്‍ സാധിക്കണം. ഈ പ്രക്രിയ സുഗമമായി നടപ്പാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായ വിതരണം വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന യുഎന്‍ സംവിധാനത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

Top