adoor prakash – umman chandy – high court

കൊച്ചി: തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് കോടതിയെ സമീപിച്ചത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകനെ മുന്‍നിര്‍ത്തി.

സോളാര്‍ കേസില്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രിക്കു വേണ്ടി ‘പൊരുതിയ’ എസ് ശ്രീകുമാറാണ് അഴിമതി അന്വേഷണം നേരിടുന്ന മന്ത്രി അടൂര്‍ പ്രകാശിന് വേണ്ടി കോടതിയില്‍ വാദിച്ചത്.

വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ മിച്ചഭൂമി ഇടപാടില്‍ തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിതാന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടൂര്‍ പ്രകാശിന്റെ ഹര്‍ജി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സുധീരന്റെ ഇടപെടലിനെ തുടര്‍ന്ന് ‘വെട്ടി’ പോവാതിരിക്കാന്‍ ഒരു പിടിവള്ളിക്കായി സ്റ്റേ ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അടൂര്‍ പ്രകാശിന്റെ നീക്കം.

എന്നാല്‍ സ്റ്റേ ആവശ്യം നിരാകരിച്ച കോടതി ഹര്‍ജി ഗൗരവകരമായ ഉന്നതതല അന്വേഷണം ഈ സംഭവത്തില്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെടുക കൂടി ചെയ്തത് അടൂര്‍ പ്രകാശിന്റെ നില കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ഉത്തരവ് സ്‌റ്റേ ചെയ്ത മോഡല്‍ ഒരു ഉത്തരവായിരുന്നു മന്ത്രി പ്രതീക്ഷിച്ചിരുന്നത്. അടൂര്‍ പ്രകാശടക്കം 5 പേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം.

മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വിവാദ വ്യവസായി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ച് നല്‍കിയ റവന്യൂവകുപ്പിന്റെ നടപടിയാണ് അന്വേഷണത്തിന് വകയൊരിക്കിയത്.

ആര്‍എംഇസഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍ വേലിക്കര,തൃശൂര്‍ ജില്ലയിലെ മാള എന്നിവിടങ്ങളിലെ 118 ഏക്കര്‍ വിട്ട് കൊടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ട് മുമ്പാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.

ഐടി വ്യവസായത്തിനെന്ന പേരിലാണ് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട ഈ ലം സര്‍ക്കാര്‍ വിട്ടു നല്‍കിയത്.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ രണ്ട് തവണയും അനുമതി നിഷേധിച്ച പദ്ധതിയാണിത്. നേരത്തെ ആദര്‍ശ് പ്രൈം പ്രോജക്ട് എന്ന പേരിലായിരുന്നു അനുമതി തേടിയിരുന്നത്.

ഭൂപരിഷ്‌കരണ നിയമം 81 (3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവാക്കാനായി ലഭിച്ച നിവേദനം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂവകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കമ്പനിയുടേത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതല സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ കമ്പനിയുടെ അപേക്ഷ മുന്‍ റവന്യു സെക്രട്ടറി ടി ഒ സൂരജ് തള്ളുകയായിരുന്നു.

ഇതോടെ ഉപേക്ഷിച്ചെന്ന് കരുതിയ പദ്ധതിയാണ് ഇപ്പോള്‍ ഐടിക്കെന്ന പേരില്‍ വീണ്ടും എത്തിയത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Top