adoor prakash – karuna estate

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ നല്‍കിയ അനുമതി തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിയെ ചുമതലപ്പെടുത്തിയെന്നും ഉത്തരവില്‍ അപാകതകളുണ്ടോയെന്ന് എജി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിബന്ധനകളോടെയാണ് കരമടക്കാന്‍ അനുമതി നല്‍കിയത്.

ഇത് ഉത്തരവില്‍ പറയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂനികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനു കത്തു നല്‍കിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചത്. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പുറമേ നിയമ-റവന്യൂ സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Top