‘അടൂർ പത്മ ഭൂഷൺ മാടമ്പി’; ചെയർമാൻ സ്ഥാനം ഒഴിയേണ്ടത് മിനിമം മര്യാദയെന്ന് വിപി സജീന്ദ്രൻ

മാടമ്പിയായ ശങ്കർ മോഹനനെ സംരക്ഷിച്ച അടൂർ ഗോപാലകൃഷ്ണൻ ‘പത്മ ഭൂഷൺ മാടമ്പി’യെന്ന് ഇനി അറിയപ്പെടുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രൻ. ഈ തെമ്മാടിത്തത്തിന് കൂട്ടു നിന്ന അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഒഴിയേണ്ടത് മിനിമം മര്യാദയാനിന്നും മുൻ കുന്നത്തുനാട് എം എൽ എ പറഞ്ഞു. അതിന് അടൂർ തയ്യാറായില്ലെങ്കിൽ സർക്കാർ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിക്കണമെന്നും സജീന്ദ്രൻ ആവശ്യപ്പെട്ടു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനലെ മാടമ്പികൾക്ക് കുടപിടിക്കാൻ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഇറങ്ങിപ്പുറപ്പെട്ടുവെന്ന വിമർശനവും വിപി സജീന്ദ്രൻ ഉന്നയിച്ചു. ജാതിയ അധിക്ഷേപങ്ങൾക്കും വിവേചനത്തിനും പിന്തുണ കൊടുക്കുന്ന അടൂർ ഗോപാലകൃഷ്ണനെ പിന്തുണയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട എം.എ ബേബി എന്ന പോളിറ്റ് ബ്യൂറോ അംഗത്തിന്റെ സവർണ്ണബോധം ഇവിടെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും സജീന്ദ്രൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സജീന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിപി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

“തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ”
കുമാരനാശാൻ ‘ദുരവസ്ഥ’ എഴുതിയ കാലത്തു നിന്ന് ഒരു മാറ്റവും ഇന്നും വന്നിട്ടില്ല എന്ന് തിരിച്ചറിയേണ്ട സന്ദർഭമാണിത്.

കേരളത്തിൽ കോട്ടയത്ത് ജനിച്ച് അരക്ഷിത ജീവിത സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി വളർന്ന ശ്രീ.കെ.ആർ നാരായണന്റെ പേരിൽ കോട്ടയത്ത് സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊടിയ ജാതീയ വിവേചനം നടക്കുന്നു എന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്.
കെ.ആർ.നാരായണന്റെ കുടുംബാംഗമായ എന്നെ വ്യക്തിപരമായി കൂടി ഈ സംഭവം വേദനിപ്പിക്കുന്നു.
ശ്രീ.കെ.ആർ നാരായണന്റെ പേരിൽ സ്ഥാപിതമായ സ്ഥാപനത്തിൽ നിന്ന് ഈ ജാതി കോമരങ്ങളെ പേടിച്ച് വിദ്യാർത്ഥികൾ പഠനം നിർത്തി ഓടിപ്പോകുന്നു എന്ന് കേൾക്കുമ്പോൾ..
അവിടത്തെ മാടമ്പികൾക്ക് കുടപിടിക്കാൻ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഇറങ്ങിപ്പുറപ്പെടുന്നു എന്ന് ഓർക്കുമ്പോൾ..
പുരോഗമന വിപ്ലവ പ്രസ്ഥാനം എന്ന അവകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ ഇതുവരെ അവർ നടത്തിയത് വിപ്ലവ വായാടിത്തം മാത്രമായിരുന്നു എന്ന് ചിന്തിക്കേണ്ടി വരുമ്പോൾ..
ജാതീയതക്കെതിരെ കൂടുതൽ കൂടുതൽ സമരങ്ങൾ നമ്മളിനിയും നടത്തേണ്ടിയിരിക്കുന്നു എന്ന് ബോധ്യമാകുന്നു.

ജാതിബോധം തലയ്ക്കു പിടിച്ച ഒരു ഡയറക്ടറും അദ്ദേഹത്തിന് കുട പിടിക്കുന്ന ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഇവരെ നിലക്കു നിർത്താൻ ഭയപ്പെടുന്ന ഭരണകൂടവും ചേർന്ന് അവിടുത്തെ ജീവനക്കാരെയും വിദ്യാർത്ഥികളെയും പീഡിപ്പിക്കുന്നത് കണ്ടുകൊണ്ട് നിൽക്കാൻ നമുക്ക് സാധിക്കുമോ ??
ഒരിക്കലുമില്ല.
ഞാനൊരു കോൺഗ്രസുകാരനാണ് അതിലുപരി ശ്രീ. കെ.ആർ നാരായണന്റെ കുടുംബാംഗമാണ്. ഈ മാടമ്പികളെ പടിയടച്ച് പിണ്ഡം വച്ച് കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിൽ ശുദ്ധികലശം നടത്തണം. ഈ ഡയറക്ടറെ മാറ്റിയാൽ എല്ലാവരും ഇൻസ്റ്റിറ്റ്യൂട്ട് ഉപേക്ഷിച്ചു പോകുമെന്നും അത് നിന്നു പോകുമെന്നുമാണ് അടൂർ ഉൾപ്പെടെയുള്ളവരുടെ ഭീഷണി. അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ , അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവലാതികൾക്ക് ആരുപരിഹാരം ഉണ്ടാക്കും ?? ജാതീയമായ നിന്ദയും പരിഹാസവും അടിച്ചമർത്തലും സഹിച്ച് ഇന്നും ഈ കേരളത്തിലെ ഒരു സ്ഥാപനം മുന്നോട്ടുപോകുന്നു എന്നത് ലജ്ജാകരമാണ്. ഇങ്ങനെയുള്ള ദുരവസ്ഥയിൽ ഒരു സ്ഥാപനം കേരളത്തിൽ ഉണ്ട് എന്ന് പറയുന്നത് സ്വാതന്ത്ര ബോധമുള്ള ഓരോ മലയാളിക്കും അപമാനമാണ്.
അടൂർ ഗോപാലകൃഷ്ണൻ എന്ന അതുല്യ ചലച്ചിത്രകാരന്റെ വലിപ്പം ആരും കുറച്ചു കാണുന്നില്ല. പക്ഷേ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ നോക്കി മാത്രമേ അദ്ദേഹത്തെ വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. ജാതിയ അധിക്ഷേപങ്ങൾക്കും വിവേചനത്തിനും പിന്തുണ കൊടുക്കുന്ന അടൂർ ഗോപാലകൃഷ്ണനെ പിന്തുണയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട എം.എ ബേബി എന്ന പോളിറ്റ് ബ്യൂറോ അംഗത്തിന്റെ സവർണ്ണബോധം ഇവിടെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ശ്രീ കെആർ നാരായണൻ ഒറ്റപ്പാലത്ത് മത്സരത്തിനിറങ്ങിയപ്പോൾ മുണ്ടുടുക്കാൻ അറിയാത്തവൻ എന്ന് ആക്ഷേപിച്ച സിപിഎം ഇന്ന് ഈ സ്ഥാപനത്തിന് നേരെ കാട്ടുന്ന ചിറ്റമ്മനയം മലയാളികൾക്ക് മനസ്സിലാകും. ജാമിയയിലോ പൂനയിലോ ഉള്ള ഇൻസ്റ്റ്യൂട്ടുകളിലാണ് ഇതേ വിവേചനം നടക്കുന്നത് എങ്കിൽ സിപിഎം ഇതേ നിലപാട് തന്നെയായിരിക്കുമോ സ്വീകരിക്കുന്നത് ? ശ്രീ കെ ആർ നാരായണനോട് സിപിഎമ്മിന് ഉള്ള വിരോധം ഇതുവരെ തീർന്നില്ലേ ??
ദളിതർക്ക് നേരെ കേരളത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങൾ.. അട്ടപ്പാടിയിലെ മധു, വാളയാറിലെ കുഞ്ഞുങ്ങൾ, മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ദീപ മോഹനൻ ഇവരുടെയെല്ലാം സങ്കടങ്ങൾക്കും കണ്ണുനീരിനും മുന്നിൽ എന്താണ് നമുക്ക് പറയാനുള്ളത് ?
സർക്കാർ ശമ്പളം കൊടുക്കുന്ന ജീവനക്കാരിക്ക് ഡയറക്ടറുടെ വീട്ടിൽ ശുചിമുറി കഴുകേണ്ട ഗതികേട് ഉണ്ടാകുന്നു. വെറുതെ വന്ന് അങ്ങ് കഴുകിയാൽ പോരാ.. വീട്ടിൽ നിന്ന് രണ്ടു ജോഡി ഡ്രസ്സുമായി വന്ന് ഡയറക്ടർ തമ്പുരാന്റെ വീടിന്റെ പരിസരത്തുള്ള ശുചിമുറിയിൽ കയറി കുളിച്ചു വൃത്തിയായി വസ്ത്രം മാറിയതിനുശേഷം മാത്രം അകത്തു കയറണം പോലും..
ഇത് കേരളമാണ് എന്ന് വെറുതെ പറഞ്ഞാൽ പോരാ തെളിയിച്ചു കൊടുക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിന് ഏത് അറ്റം വരെയും ഞാനും എന്റെ പ്രസ്ഥാനവും പോകും.
മാടമ്പിയായ ശങ്കർ മോഹനനെ സംരക്ഷിച്ച അടൂർ ഗോപാലകൃഷ്ണൻ പത്മ ഭൂഷൺ മാടമ്പിയെന്ന് ഇനി അറിയപ്പെടും. ഈ തെമ്മാടിത്തത്തിന് കൂട്ടു നിന്ന അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഒഴിയേണ്ടത് മിനിമം മര്യാദയാണ്. അതിന് തയ്യാറായില്ലെങ്കിൽ സർക്കാർ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിക്കണം.
വിപി സജീന്ദ്രൻ. കെപിസിസി വൈസ് പ്രസിഡണ്ട്.

 

 

 

Top