അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ തടവ് ശിക്ഷ; മതനേതാവും എഴുത്തുകാരനുമായ പ്രതിക്ക് ശിക്ഷ വിധിച്ചത് തുര്‍ക്കി കോടതി

തനേതാവും പ്രസംഗകനും എഴുത്തുകാരനുമായ അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ ജയില്‍ ശിക്ഷ. തുര്‍ക്കിയിലെ ഇസ്താംബൂൾ കോടതിയാണ് വിധിച്ചത്. ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതിയുടെ വിധി. ലൈംഗിക പീഡനം, ബ്ലാക്ക് മെയില്‍, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഹാറൂണ്‍ യഹ്യ എന്ന പേരില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്നാന്‍ ഒക്തര്‍. നേരത്തെ 1075 വര്‍ഷത്തേക്കായിരുന്നു ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചത്.

ഒക്തറിനെ പിന്തുടരുകയും ഇയാളുടെ ശൃംഖലയുടെ ഭാഗമായവുകയും ചെയ്ത കുറ്റാരോപിതരായ 236 പേര്‍ക്കൊപ്പം നടന്ന വിചാരണയിലായിരുന്നു ഇത്. ഈ വിധി നടപടി ക്രമങ്ങളുടെ പേരില്‍ റദ്ദാക്കിയിരുന്നു. ബുധനാഴ്ച വന്ന പുതിയ വിധിയില്‍ 891 വര്‍ഷത്തെ തടവ് വ്യക്തിപരമായ ചെയ്ത കുറ്റകൃത്യത്തിനും ശേഷിച്ച വര്‍ഷങ്ങള്‍ അനുനായികള്‍ ചെയ്ത കുറ്റങ്ങള്‍ക്കുമാണ് അദ്നാന്‍ ഒക്തര്‍ അനുഭവിക്കേണ്ടി വരിക. സ്വന്തം ചാനലിലൂടെ നടത്തിയ പ്രഭാഷണങ്ങളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ ഏറെ പ്രശസ്തനായിരുന്നു ഒക്തര്‍. പൂച്ചക്കുട്ടികള്‍ എന്ന ഓമനപ്പേരില്‍ ഒക്തര്‍ വിളിക്കുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു ഒക്തറിനെ മിക്കപ്പോഴും കാണാന്‍ സാധിച്ചിരുന്നത്.

മതപരമായും രാഷ്ട്രീയപരമായും ഒക്തര്‍ അഭിപ്രായം പറയുന്ന സമയത്ത് അല്‍പ വസത്രധാരികളായ ഈ യുവതികളുടെ സാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 66കാരനായ ഒക്തറിന്‍റെ നൂറ് കണക്കിന് അനുനായികളേയാണ് 2018ല്‍ അറസ്റ്റ് ചെയ്തത്. ഇസ്ലാം മതത്തിന്‍റെ പേരില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായെന്നതിന്‍റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപക റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഒക്തറിന്‍റെ ചാനലും അടച്ച് പൂട്ടിയിരുന്നു.

ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനെതിരായ രൂക്ഷ വിമര്‍ശനത്തില്‍ ഊന്നിയുള്ള അറ്റ്ലസ് ഓഫ് ക്രിയേഷന്‍ എന്ന ബുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. കൊവിഡ് മഹാമാരി കാലത്ത് ഈ കൃതിയുടെ ആയിരക്കണക്കിന് പ്രതികളാണ് പലര്‍ക്കും സൌജന്യമായി അയച്ച് നല്‍കിയത്. ഫ്രെഞ്ച് വിദ്യാഭ്യാസ വകുപ്പ് ഈ ബുക്ക് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് നീക്കാന്‍ ഉത്തരവിട്ടിരുന്നു. ഇയാളുടെ വസതിയില്‍ നിന്ന് ആയുധങ്ങളും സുരക്ഷാ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.

Top