അജിത്ത് അണ്ണാ ഡി.എം.കെയെ നയിക്കണം, താര ‘എഫക്ടില്‍’ ഭരണപക്ഷത്തും ജാഗ്രത !

AJITH_THALA

ചെന്നൈ: രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തില്‍ താര പിന്തുണ തേടാന്‍ ഭരണപക്ഷമായ അണ്ണാ ഡി.എം.കെയും കരുക്കള്‍ നീക്കുന്നു. ഏത് വിധേയനേയും ജയലളിതയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ‘തല’ അജിത്തിനെ സ്വന്തം പാളയത്തിലെത്തിക്കാനാണ് നീക്കം.

ജയലളിതയുടെ മരണ സമയത്ത് വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ്ങ് നിര്‍ത്തിവച്ചാണ് ചെന്നൈയില്‍ കുതിച്ചെത്തി അന്ത്യോപചാരമര്‍പ്പിച്ചിരുന്നത്.

ത്രിശങ്കുവിലായ അണ്ണാ ഡി.എം.കെയുടെ നേതൃസ്ഥാനത്ത് അജിത്ത് എത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹവും അന്ന് ശക്തമായിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പ്പര്യം തുറന്നു പറയാത്ത അജിത്ത് ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല.

ഇതിനിടെ അണ്ണാ ഡി.എം.കെ മുന്നായി വിഭജിക്കപ്പെടുന്ന സാഹചര്യത്തിനും ജയലളിതയുടെ തോഴി ശശികലയുടെ ജയില്‍വാസത്തിനുമെല്ലാം തമിഴകം സാക്ഷ്യം വഹിക്കുകയുണ്ടായി. പിന്നീട് പനീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും ഒന്നായെങ്കിലും ശശികല വിഭാഗം ഇപ്പോഴും ദിനകരനൊപ്പം ശക്തമായി തുടരുകയാണ്.

ജയലളിതയുടെ ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയതോടെ ദിനകരന്‍ വിഭാഗം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

അണ്ണാ ഡി.എം.കെ ഭിന്നിച്ചതും സര്‍ക്കാര്‍ വിരുദ്ധ വികാരവും പൊതു തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന നിലപാടില്‍ പ്രതിപക്ഷമായ ഡി.എം.കെയും അടുത്ത സര്‍ക്കാര്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയുണ്ടായി.

എന്നാല്‍ ഇവരുടെ ഈ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

സിനിമയും രാഷ്ട്രീയവും ഇഴകലര്‍ന്ന തമിഴകത്ത് ജയലളിതയുടെ പിന്‍ഗാമിയായി തമിഴക സിനിമയില്‍ നിന്ന് വീണ്ടും ഒരു താരം വരുന്നതിനെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല.

ജനങ്ങള്‍ക്ക് മീതെ താരങ്ങള്‍ ചെലുത്താന്‍ ഇടയുള്ള സ്വാധീനം ഭിന്നിപ്പിക്കാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ തന്ത്രപരമായി ശ്രമിക്കുന്നത്.

രജനിക്കും കമലിനും പുറമെ യുവ സൂപ്പര്‍ താരം ദളപതി വിജയ്‌യും രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തു വന്നതോടെ അജിത്തിനെ കൂടെ കൂട്ടാനാണ് ഭരണപക്ഷം ഇപ്പോള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

ഒരു വിഭാഗം അണ്ണാ ഡി.എം.കെ നേതാക്കള്‍ പാര്‍ട്ടിക്കകത്ത് അജിത്തിനായി വാദിച്ചുകൊണ്ടിരിക്കുകയാണ്. അജിത്ത് കൂടി ഇല്ലങ്കില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൊടിപോലും കാണില്ലന്ന നിലപാടിലാണ് ഈ വിഭാഗം.

“ദളപതി വിജയ്ക്ക് ” ഉള്ളതുപോലെ വന്‍ ആരാധകപട ‘തല’ക്കും ഉള്ളതിനാല്‍ അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് അജിത്ത് വഴങ്ങിയാല്‍ ‘വിധി’ പ്രവചനാതീതമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. താര പോരാട്ടമായിരിക്കും പിന്നെ നടക്കുകയെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അരുണ്‍ കുമാര്‍Related posts

Back to top