കെ.എം.എം.എല്ലില്‍ പാലം തകര്‍ന്ന സംഭവം: എ.ഡി.എം അന്വേഷണം ആരംഭിച്ചു

കൊല്ലം: കെ.എം.എം.എല്ലില്‍ പാലം തകര്‍ന്നു മൂന്ന് സ്ത്രീ ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ എ.ഡി.എം അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ കമ്പനിയിലെത്തിയ എ.ഡി.എം കെ.ആര്‍.മണികണ്ഠന്‍ വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാരിന് ഇന്ന് തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി നടത്തുന്ന അന്വേഷണത്തിന് മുന്നോടിയായിട്ടാണ് എ.ഡി.എം വിവരങ്ങള്‍ ശേഖരിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയായ സ്‌കില്ലാണ് 15 വര്‍ഷം മുമ്പ് പാലം നിര്‍മ്മിച്ചത്. അമ്പത് പേര്‍ക്ക് മാത്രം കയറാവുന്ന പാലത്തില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നും സംഭവത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എം.എസ് യൂണിറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി. പാലം തകര്‍ന്ന സ്ഥലത്ത് ചങ്ങാടത്തിന്റെ സേവനം ലഭ്യമാണ്. കൂടാതെ എം.എസ് യൂണിറ്റിലേക്ക് എത്താന്‍ കോവില്‍ത്തോട്ടം ഭാഗത്ത് ടി.എസ് കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പടിക്കെട്ടുകളോടു കൂടിയ നടപ്പാലവും ഉപയോഗിക്കുന്നുണ്ട്.

Top