Adjournment motion of -Fr Tom held captive in Yemen denied; sushma swaraj

ന്യൂഡല്‍ഹി: യമനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞു.
ഫാ.ടോമിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്.

ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യമെടുത്തിട്ടുള്ള പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശന വേളകളിലും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫാ. അലക്‌സിസിനെ രക്ഷപ്പെടുത്തിയത് പോലെ ഫാ.ടോമിനേയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഫാ.ടോമിനെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇന്ന് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും മന്ത്രി സുഷമാ സ്വരാജിനെ നേരിട്ട് കാണുകയും ചെയ്തിരുന്നു.

അവശനിലയിലായ ഫാ.ടോമിന്റെ ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉഴന്നാലിനെ ഭീകരര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വളരെ അവശനിലയിലുള്ള ഉഴന്നാലിന്റെ താടിയും മുടിയും നീട്ടിവളര്‍ത്തിയ നിലയിലുള്ള ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്.

പുറത്തു വന്ന ചിത്രം യഥാര്‍ഥമണൊയെന്ന് പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

നേരത്തെ ജോസ്.കെ.മാണി എംപി ഇതു സംബന്ധിച്ച് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ച സ്പീക്കര്‍, ശൂന്യവേളയില്‍ മറുപടിപറയാന്‍ സുഷമ സ്വരാജിനു അനുമതി നല്‍കുകയായിരുന്നു.

Top